സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 9,5840 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 11980 രൂപയും. ഗ്രാമിന് 18 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 95,840 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 4,266.10 ഡോളറാണ്. അതേസമയം ഈ മാസം ഇതുവരെ സ്വർണ വിലയിൽ പവന് 8,840 രൂപയുടെ വർധനയാണുള്ളത്.
ഡോളറിന്റെ മൂല്യം ഉയർന്നതിനെ തുടർന്ന് നിക്ഷേപകർ സ്വർണ്ണത്തിലെ ലാഭം ബുക്ക് ചെയ്യുന്നതാണ് സ്വർണ വില ഇടിയാൻ കാരണം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും വിപണിക്ക് നേട്ടമായി. ചൈനയ്ക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുന്നത് താൽക്കാലികമായി ആണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവനയും ചൈനക്ക് ഗുണമായി.
എംസിഎക്‌സിൽ, ഡിസംബർ മാസത്തെ ഗോൾഡ് ഫ്യൂച്ചേഴ്‌സ് കരാർ 2 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,27,320 എന്ന നിലയിൽ ക്ലോസ് ചെയ്തു. അതേസമയം, യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് ട്രോയ് ഔൺസിന് 4,213.30 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോളതലത്തിലെ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ, യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ (ഇടിഎഫ്) ശക്തമായ നിക്ഷേപം എന്നിവ ഈ വർഷംസ്വർണ്ണത്തിന് മികച്ച നേട്ടം നൽകിയിട്ടുണ്ട്.
