ആറാം ദിനം ഉയര്‍ത്തെഴുന്നേല്‍പ്പ്; പവന് ഉയര്‍ന്നത് 520 രൂപ

  • സ്വര്‍ണം ഗ്രാമിന് 8290 രൂപ
  • പവന്‍ 66320 രൂപ

Update: 2025-04-09 05:16 GMT

സ്വര്‍ണവിലയില്‍ ഇന്ന് ട്വിസ്റ്റ്. അഞ്ചുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന വില ഇന്ന് കുതിച്ചുകയറി. അന്താരാഷ്ട്ര സ്വര്‍ണവിലയുടെ അടിസ്ഥാനത്തിലും ചൈനക്കെതിരായ താരിഫ് പ്രഖ്യാപനവുമാണ് സംസ്ഥാനത്ത് വിലവര്‍ധനവിന് കാരണമായത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8290 രൂപയും പവന് 66320 രൂപയുമായി ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണ വില ഇന്ന് 50 രൂപ വര്‍ധിച്ച് 6795 രൂപയിലെത്തി. അതേസമയം വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 102 രൂപയില്‍ വ്യാപാരം മുന്നോട്ടുപോകുന്നു.

വിവാഹ സീസണ്‍ അടുക്കുമ്പോള്‍ ഉണ്ടായ വിലവര്‍ധനവ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പവന് 2600 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വീണ്ടും തിരിച്ചുകയറുന്നത്. അന്താരാഷ്ട്ര വില ഔണ്‍സിന് 3000 ഡോളറിന് മുകളില്‍ എത്തിയതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് വില വര്‍ധനവുണ്ടായത്. കൂടാതെ ആഗോള മാന്ദ്യഭീതിയും ചൈനക്കെതിരായ തീരുവ ഉയര്‍ത്തിയതും വ്യാപാരയുദ്ധത്തിന്റെ പരിണിതഫലങ്ങളും ആള്‍ക്കാരെ വീണ്ടും സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയാണ്. 

റിപ്പോ നിരക്ക് കുറയ്ക്കുമെന്ന സാധ്യത നിലനില്‍ക്കുന്നതും സ്വര്‍ണത്തിന് അനുകൂലമായ ഘടകമാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും71780 രൂപ നല്‍കേണ്ടിവരും.

Tags:    

Similar News