സ്വര്‍ണം വാങ്ങുന്നത് ലാഭകരമോ? വിലയില്‍ വലിയ ചാഞ്ചാട്ടം

ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കില്ല

Update: 2025-11-18 09:42 GMT

ആഗോള വിപണിയില്‍ ഇറക്കം തുടര്‍ന്ന് സ്വര്‍ണവും വെള്ളിയും. സ്വര്‍ണം, വെള്ളി വിലയില്‍ നിര്‍ണായകമാവുക ഫെഡറല്‍ റിസര്‍വിന്റെ പണനയ യോഗത്തിന്റെ മിനിറ്റ്സായിരിക്കുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതാണ് സ്വര്‍ണം, വെള്ളി വിപണികളെ നിരാശയിലാഴ്ത്തിയത്. പിന്നാലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചറുകള്‍ 2% വരെ ഇടിവ് രേഖപ്പെടുത്തി.

ഫെഡ് റിസര്‍വിന്റെ പണനയ യോഗത്തിന്റെ മിനിറ്റ്സ് ഈ ആഴ്ചയാണ് പുറത്ത് വരുന്നത്. ഇതില്‍ നിന്ന് പലിശ നിരക്കിനെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കും. അതുവരെ ഇരു ലോഹങ്ങളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് അനലിസ്റ്റുകളും പറയുന്നത്. ഈ സമ്മര്‍ദ്ദത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് ശ്രദ്ധ നല്‍കി. ഇതാണ് നിലവിലെ ഇടിവിന് കാരണം.

ഡിസംബറിലെ യോഗത്തിലായിരിക്കും പുതിയ പലിശ നിരക്ക് ഫെഡ് റിസര്‍വ് പ്രഖ്യാപിക്കുക. പലിശ കുറഞ്ഞാല്‍ സ്വര്‍ണം കുതിക്കും. വെള്ളിയിലും സമാന പ്രവണത വരാം. കൂടാതെ യുഎസ് ഡോളര്‍ സൂചിക ശക്തിപ്പെട്ടതും 10 വര്‍ഷത്തെ ട്രഷറി യീല്‍ഡ് അല്പം ഉയര്‍ന്നതും ലോഹങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

ഒപ്പം ഫെഡ് വൈസ് ചെയര്‍ ഫിലിപ്പ് ജെഫേഴ്സണ്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം പെട്ടെന്നുണ്ടാവില്ലെന്നാണ് വ്യക്തമാക്കിയത്. ഡിസംബറില്‍ നിരക്ക് കുറക്കാനുള്ള സാധ്യത കഴിഞ്ഞ ആഴ്ചയിലെ 60 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 41 ശതമാനമായി കുറഞ്ഞുവെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. 

Tags:    

Similar News