മാറ്റമില്ലാതെ സ്വര്‍ണ വില, വെള്ളിവില കുറഞ്ഞു
ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 5365 രൂപയാണ്, പവന് 42,920 രൂപ. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണം ഉള്ളത്. പത്തു ദിവസത്തെ താഴോട്ടിറക്കത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ വില വര്‍ധിച്ചിരുന്നു. 5 ദിവസങ്ങളിലായി 1000 രൂപയുടെ വര്‍ധനയാണ് 22 കാരറ്റ് പവന് ഉണ്ടായിട്ടുള്ളത്. ഇതിനു മുമ്പുള്ള 10 ദിവസങ്ങളിലായി പവന് 2040 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും മാറ്റമില്ല. ഗ്രാമിന് 5853 രൂപയാണ് വില, പവന്‍ 46,824 രൂപ.
ഇസ്രയേല്‍- പലസ്തീന്‍ യുദ്ധ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് വന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ഷണീയത ആഗോളതലത്തില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ നിക്ഷേപകര്‍ റിസ്കി ആസ്തികളിലേക്ക് മടങ്ങിത്തുടങ്ങിയത് നേരിയ താഴോട്ടിറക്കത്തിലേക്ക് നയിച്ചു . ആഗോള തലത്തില്‍ ഔണ്‍സിന് 1,859-1862 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്.
ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു.
സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് ഇടിവ് പ്രകടമായി. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ ഇടിവോടെ 75 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 600 രൂപയാണ് വില. ഒരു ഡോളറിന് 83.20 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.
