ഇ- ടൂ വീലേര്‍സിനുള്ള സബ്‍സിഡി വെട്ടിക്കുറച്ചു
- ജൂണ്‍ 1 മുതല്‍ ഇ- സ്‍കൂട്ടറുകള്‍ക്ക് വിലയേറും
- ഫെയിം-II സബ്‍സിഡി ഇനി എക്സ്-ഫാക്റ്ററി വിലയുടെ 15%
- 2024 മാര്‍ച്ച് 31 വരെയാണ് ഫെയിം--II നടപ്പാക്കുന്നത്
ഫെയിം-II (ഫാസ്റ്റര്‍ അഡോപ്ഷന്‍ ഓഫ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിക്ക് കീഴിൽ ഇലക്ട്രിക് ടൂ വീലറുകള്‍ക്ക് നൽകുന്ന സബ്‌സിഡി സർക്കാർ വെട്ടിക്കുറച്ചു. ജൂണ്‍ 1 മുതല്‍ പുതുക്കിയ സബ്‍സിഡി നിലവില്‍ വരുമെന്ന് ഘനവ്യവസായ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഇൻസെന്റീവിന്‍റെ പരിധി ജൂണ്‍ മുതല്‍ വാഹനങ്ങളുടെ എക്‌സ്-ഫാക്റ്ററി വിലയുടെ 15 ശതമാനമായിരിക്കും. നിലവില്‍ 40 % ഇന്‍സെന്‍റിവാണ് നല്‍കിയിരുന്നത്.
ഇതോടെ ജൂണ്‍ 1നോ അതിന് ശേഷമോ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില ഉയരുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളെയും ഹൈബ്രിഡ് വാഹനങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഫെയിം പദ്ധതി 2019 ഏപ്രില്‍ 1നാണ് ആരംഭിച്ചത്. ആദ്യം മൂന്ന് വർഷത്തേക്ക് പ്രഖ്യാപിച്ച പദ്ധതി പിന്നീട് 2024 മാര്‍ച്ച് 31 വരെ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി.
എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് കാലയളവിലും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇന്ത്യക്കായിട്ടില്ലെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. ഇന്ത്യയില്‍ നിരത്തുകളിലേക്കുള്ള ഇ-വാഹനങ്ങളുടെ വരവ് ഏഷ്യന്‍ ശരാശരിയെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് എസ്&ഗ്ലോബല്‍ റേറ്റിംഗ്‍സിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
2022 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഇവി പെനിട്രേഷന്‍ റേറ്റ് (പാസഞ്ചർ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉൾപ്പടെ മൊത്തം ലൈറ്റ് വാഹന വിൽപ്പനയിലെ ഇ-വാഹനങ്ങളുടെ ശതമാനം) 1.1 ശതമാനം മാത്രമായിരുന്നു. ഏഷ്യൻ ശരാശരി 17.3 ശതമാനമായിരിക്കുമ്പോഴാണ് ഇത്. നിലവിൽ രാജ്യത്തെ 90 ശതമാനം ഇ-വാഹനങ്ങളും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ്. അവയെ കൂടി ചേർത്തുള്ള കണക്കു നോക്കിയാലും നിലവിലെ ഇവി നുഴഞ്ഞുകയറ്റം ഏകദേശം 4.5 ശതമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.
താങ്ങാവുന്ന വില നിലവാരത്തില്‍ കൂടുതല്‍ കമ്പനികള്‍ ഇ-സ്‍കൂട്ടറുകള്‍ അവതരിപ്പിക്കുന്നതും ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിച്ചതും ഇ-സ്‍കൂട്ടറുകളുടെ സ്വീകാര്യത സാവധാനത്തിലാണെങ്കിലും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സബ്‍സിഡി വെട്ടിക്കുറയ്ക്കുന്നത് വലിയ തിരിച്ചടിയാകും ഈ മേഖലയ്ക്ക് സമ്മാനിക്കുക. 2030-ഓടെ ഇവി പെനിട്രേഷൻ 30 ശതമാനത്തിലെത്തിക്കുക എന്നതാണ് ഇന്ത്യയടെ പ്രഖ്യാപിത ലക്ഷ്യം.
