14 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ കൂടി നിരോധിച്ചു

  • നിമെസുലൈഡ്- പാരസെറ്റമോൾ കോമ്പിനേഷനും നിരോധിക്കപ്പെട്ടു
  • എഫ്‍ഡിസികള്‍ക്കെതിരേ തുടര്‍ച്ചയായ നടപടികള്‍
  • 2016ല്‍ 349 എഫ്‌ഡിസികളുടെ നിരോധനം നടപ്പാക്കി

Update: 2023-06-04 08:34 GMT

വിദഗ്‍ധ സമിതിയുടെ ശുപാർശ പ്രകാരം 14 ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്‍ഡിസി) മരുന്നുകളുടെ പ്രയോഗം കൂടി കേന്ദ്രസര്‍ക്കാർ നിരോധിച്ചു. 1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് സെക്ഷൻ 26 എ പ്രകാരം ഈ എഫ്‌ഡിസി-കളുടെ നിർമ്മാണം, വിൽപ്പന അല്ലെങ്കിൽ വിതരണം നിരോധിക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ചികിത്സാപരമായി ഈ മരുന്നുകളുടെ പ്രയോഗം ഉചിതമല്ലെന്നാണ് വിദഗ്‍ധ സമിതിയുടെ വിലയിരുത്തല്‍.

ഒരു നിശ്ചിത ഡോസ് അനുപാതത്തിൽ ഒരൊറ്റ മരുന്ന് രൂപീകരണത്തിലേക്ക് രണ്ടോ അതിലധികമോ ആക്റ്റിവ് ചേരുവകൾ സംയോജിപ്പിക്കുന്നതിനെയാണ് എഫ്‍ഡിസി സൂചിപ്പിക്കുന്നത്. സാധാരണയായി വേദനയും പനിയും ഒഴിവാക്കാൻ ഉപയോഗിക്കപ്പെടുന്ന നിമെസുലൈഡ്- പാരസെറ്റമോൾ കോമ്പിനേഷനും പുതുതായി നിരോധിക്കപ്പെട്ട എഫ്‍ഡിസികളില്‍ ഉള്‍പ്പെടുന്നു.

ശ്വാസകോശ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന അമോക്സിസില്ലിൻ- ബ്രോംഹെക്സിൻ കോംബിനേഷന്‍ ഉള്‍പ്പടെയുള്ള ചില ആൻറിബയോട്ടിക് എഫ്‍ഡിസി-കളും നിരോധിച്ചിട്ടുണ്ട്. മൂക്കൊലിപ്പ്, തുമ്മൽ, ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന കോഡിൻ കോംബിനേഷനുകളില്‍ ചിലവയും നിരോധിച്ചിട്ടുണ്ട്.

എഫ്‌ഡിസികളുടെ കാര്യത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇത്തരം മരുന്നുകളില്‍ സൂക്ഷ്മ പരിശോധന ആരംഭിച്ചത്, അതിനുശേഷം പുതിയ എഫ്‌ഡിസികൾ തുടങ്ങുന്നത് ജാഗ്രതയോടെയാണെന്ന് ഈ മേഖലയിലെ എക്സിക്യൂട്ടിവുകള്‍ പറയുന്നു. ഇപ്പോൾ മിക്ക എഫ്‌ഡിസികളും പ്രമേഹ വിഭാഗത്തിലാണ് ചിലത് ശ്വസന ചികിത്സയിലും ഉപയോഗിക്കുന്നു.

എഫ്‌ഡിസി-കൾക്കെതിരായ നടപടികള്‍ കുറച്ചുകാലമായി തുടരുകയാണ്. 2016 മാർച്ചിൽ, ആരോഗ്യ മന്ത്രാലയം 349 എഫ്‌ഡിസികളുടെ നിരോധനം നടപ്പിലാക്കി, ചന്ദ്രകാന്ത് കൊകേത് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഈ മരുന്ന് സംയുക്തങ്ങള്‍ യുക്തിരഹിതവും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമാണെന്നാണ് വിലയിരുത്തിയത്.

മരുന്ന് നിർമ്മാതാക്കൾ ഈ നിരോധനത്തെ ചോദ്യം ചെയ്തതിനെത്തുടർന്ന് ഈ മരുന്നുകളുടെ കാര്യത്തില്‍ പുതിയ വിലയിരുത്തല്‍ നടത്തുന്നതിനായി സുപ്രീം കോടതി ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡിനോട് (ഡിടിഎബി) നിര്‍ദേശിച്ചു. 2018 ജൂലൈയിൽ നടന്ന യോഗത്തിൽ ഡിടിഎബി, 349 മരുന്നുകളിൽ 343 എണ്ണത്തിന്റെ നിരോധനം പുനഃസ്ഥാപിച്ചു.

കഴിഞ്ഞ വർഷം കോഡിൻ അടിസ്ഥാനമാക്കിയുള്ള 19 എഫ്‍ഡിസികൾ നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ചുമയെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന, കോഡിൻ അടിസ്ഥാനമാക്കിയുള്ള ഫോർമുലേഷനുകൾ ഏകദേശം 1000 കോടി രൂപയുടെ വിപണിയാണ്. ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പേരില്‍ കോഡിൻ അധിഷ്ഠിത ചുമ സിറപ്പുകൾ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഡ്രഗ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (ഐഡിഎംഎ) സർക്കാരിനെ സമീപിച്ചിരുന്നു. മരുന്ന് ചികിത്സാപരമായി സുരക്ഷിതമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

അംഗീകാരമില്ലാത്ത എഫ്‍ഡിസി-കള്‍ക്ക് സംസ്ഥാന ലൈസൻസിംഗ് അതോറിറ്റികൾ ലൈസൻസ് നൽകിയ സംഭവങ്ങൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഈ എഫ്‍ഡിസി‍-കൾ നിരോധിച്ചു. തുടർന്ന് ഡിസിജിഐ-യുടെ അംഗീകാരമില്ലാതെ പുതിയ മരുന്നുകളും എഫ്‍ഡിസി-കളും അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർമാരോട് ഡിസിജിഐ നിര്‍ദേശിക്കുകയും ചെയ്തു. 

Tags:    

Similar News