രാജ്യത്ത് ഗോതമ്പ് ക്ഷാമമില്ല, നരേന്ദ്ര സിംഗ് തോമര്‍

ഡെല്‍ഹി : രാജ്യത്ത് ഗോതമ്പ് ക്ഷാമം നേരിടുന്നില്ലെന്നും, അനിയന്ത്രിതമായ കയറ്റുമതി പരിശോധിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. വിപണിയില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന. അതുള്ളത് കൊണ്ടാണ് രാജ്യത്ത് ഗോതമ്പ് ക്ഷാമം നേരിടാത്തത്. കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് അമിതമായ അളവില്‍ ഗോതമ്പ് പുറത്തേക്ക് പോകുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കാനാണ്,' മന്ത്രി പറഞ്ഞു. ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി […]

Update: 2022-05-27 09:08 GMT

ഡെല്‍ഹി : രാജ്യത്ത് ഗോതമ്പ് ക്ഷാമം നേരിടുന്നില്ലെന്നും, അനിയന്ത്രിതമായ കയറ്റുമതി പരിശോധിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. വിപണിയില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന. അതുള്ളത് കൊണ്ടാണ് രാജ്യത്ത് ഗോതമ്പ് ക്ഷാമം നേരിടാത്തത്. കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് അമിതമായ അളവില്‍ ഗോതമ്പ് പുറത്തേക്ക് പോകുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കാനാണ്,' മന്ത്രി പറഞ്ഞു.

ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി പുനഃപരിശോധിക്കണമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആഗോള ഭക്ഷ്യ സുരക്ഷയിലും ആഗോള സന്തുലനത്തിലും ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കണമെന്ന് ഇന്ത്യയോട് അപേക്ഷിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗോതമ്പ് കയറ്റുമതി നിരോധനം ഉടന്‍ നീക്കം ചെയാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകള്‍ തുടരും. മെയ് 14 നാണ് ഗോതമ്പിന്റെ കയറ്റുമതി വിലക്കിയത്. ഉഷ്ണതരംഗം കാരണം ഉദ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണികളില്‍ ഗോതമ്പിനുണ്ടായ വില വര്‍ധനവുമാണ് വിലക്കിന് കാരണമായത്. യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോളവിപണിയില്‍ ഗോതമ്പിന് ക്ഷാമം നേരിട്ടിരുന്നു.

ഇന്ത്യയും ഗോതമ്പ് കയറ്റുമതി വിലക്കിയതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. ലോകത്തിലെ രണ്ടാമത്തെ ഗോതമ്പ് ഉദ്പാദകരാണ് ഇന്ത്യ. ഇന്ധനത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും ഉയര്‍ന്ന വില മൂലം ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതായി ഈ ആഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭക്ഷ്യധാന്യത്തിന്റെ പ്രധാന കയറ്റുമതിക്കാരായ റഷ്യയും യുക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം ആഗോള ഗോതമ്പ് വിതരണത്തില്‍ തടസ്സം നേരിട്ട സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം. ശക്തമായ ആഗോള ഡിമാന്‍ഡ് കാരണം 2021-22 ല്‍ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി 7 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഗോതമ്പ് കയറ്റുമതിയുടെ 50 ശതമാനം കയറ്റുമതിയും ബംഗ്ലാദേശിലേക്കായിരുന്നുവെന്ന് ഡിജിഎഫ്ടി കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 130,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 963,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു. 2022-23ല്‍ 10 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മൊറോക്കോ, ടുണീഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, തുര്‍ക്കി, അള്‍ജീരിയ, ലെബനന്‍ എന്നീ ഒമ്പത് രാജ്യങ്ങളിലേക്ക് ഇന്ത്യ വ്യാപാര പ്രതിനിധി സംഘങ്ങളെ അയയ്ക്കുമെന്ന് വാണിജ്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

Tags:    

Similar News