2030 കോമണ്‍വെല്‍ത്ത് ഗെയിംസ്; അഹമ്മദാബാദ് ആതിഥ്യം അരുളും

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷികമാണ് 2030-ല്‍ നടക്കുക

Update: 2025-11-26 16:34 GMT

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. 2010-ല്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഇന്ത്യയ്ക്ക് ആദ്യമായാണ് ഒരു പ്രധാന ആഗോള കായികമേള നടത്താന്‍ അവസരം ലഭിക്കുന്നത്.

ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡിന് അംഗീകാരം നല്‍കി.

2030 ലെ ഗെയിംസിനായുള്ള ഇന്ത്യയുടെ ദര്‍ശനം അഹമ്മദാബാദിനെ ഒരു അവിസ്മരണീയ ശതാബ്ദി പതിപ്പിന് വേദിയൊരുക്കാന്‍ അവസരമൊരുക്കും.

അഹമ്മദാബാദിന്റെ സ്ഥിരീകരണം ഗെയിംസിന്റെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണെന്ന് കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് പ്രസിഡന്റ് ഡോ. ഡൊണാള്‍ഡ് റുക്കരെ പറഞ്ഞു.

പരിപാടിയുടെ ബാക്കി ഭാഗങ്ങള്‍ അന്തിമമാക്കുന്നതിനുള്ള പ്രക്രിയ അടുത്ത മാസം ആരംഭിക്കും. അടുത്ത വര്‍ഷം സെന്റിനറി ഗെയിംസിന്റെ പൂര്‍ണമായ പട്ടിക പ്രഖ്യാപിക്കും. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 15-17 കായിക ഇനങ്ങള്‍ ഉണ്ടായിരിക്കും.

പരിഗണനയിലുള്ള കായിക ഇനങ്ങള്‍ ഇവയാണ്: ആര്‍ച്ചറി, ബാഡ്മിന്റണ്‍, 3x3 ബാസ്‌കറ്റ്‌ബോള്‍, 3x3 വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍, ബീച്ച് വോളിബോള്‍, ടി20 ക്രിക്കറ്റ്, സൈക്ലിംഗ്, ഡൈവിംഗ്, ഹോക്കി, ജൂഡോ, റിഥമിക് ജിംനാസ്റ്റിക്‌സ്, റഗ്ബി സെവന്‍സ്, ഷൂട്ടിംഗ്, സ്‌ക്വാഷ്, ട്രയാത്ത്‌ലോണ്‍, പാരാ ട്രയാത്ത്‌ലോണ്‍, ഗുസ്തി. ഹോസ്റ്റിന് പുതിയതോ പരമ്പരാഗതമോ ആയ രണ്ട് കായിക ഇനങ്ങളും നിര്‍ദ്ദേശിക്കാം. 

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് എന്‍ക്ലേവ് നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രധാന വേദികളില്‍ ഒന്നാണ്. ഒരു ലക്ഷത്തിലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമേ, ഒരു അക്വാട്ടിക്സ് സെന്ററും ഒരു ഫുട്ബോള്‍ സ്റ്റേഡിയവും ഇന്‍ഡോര്‍ സ്പോര്‍ട്സിനായി രണ്ട് അരീനകളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ സമുച്ചയത്തിനുള്ളില്‍ 3,000 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഒരു അത്ലറ്റ്‌സ് ഗ്രാമവും നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു.

1930-ല്‍ കാനഡയിലെ ഹാമില്‍ട്ടണിലാണ് ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് നട ന്നത്. അന്ന് ബ്രിട്ടീഷ് എംപയര്‍ ഗെയിംസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

Tags:    

Similar News