21,791 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനും, 24,000 കോടിയുടെ നികുതി വെട്ടിപ്പും പിടികൂടി

രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്

Update: 2023-12-06 11:04 GMT

രണ്ട് മാസം നീണ്ട സ്‌പെഷ്യല്‍ ഡ്രൈവില്‍ 21,791 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകളും 24000 കോടി രൂപയുടെ നികുതി വെട്ടിപ്പും ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

രാജ്യസഭയില്‍ ഡിസംബര്‍ 5 ന് ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജിഎസ്ടി രജിസ്‌ട്രേഷനുള്ള മൊത്തം 21,791 സ്ഥാപനങ്ങള്‍ നിലവിലില്ലെന്നു കണ്ടെത്തി. സ്‌പെഷ്യല്‍ ഡ്രൈവില്‍ 24,010 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി.

2023 മേയ് 16 മുതല്‍ ജുലൈ 15 വരെയുള്ള കാലയളവില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ക്കെതിരെ നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ വ്യാജ രജിസ്‌ട്രേഷനുള്ളതായി കണ്ടെത്തിയ സ്ഥാപനങ്ങളുടെ എണ്ണത്തെയും വെട്ടിപ്പിന്റെ ആകെത്തുകയെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സത്യസന്ധരായ നികുതിദായകരുടെ താല്‍പര്യം സംരക്ഷിക്കാനും നികുതിദായകര്‍ക്കുള്ള കടുത്ത ബുദ്ധിമുട്ട് ഒഴിവാക്കാനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സമന്‍സും, പ്രോപ്പര്‍ട്ടി പ്രൊവിഷണലായി അറ്റാച്ച്‌മെന്റ്, ടാക്‌സ് ക്രെഡിറ്റ് ബ്ലോക്ക് ചെയ്യുന്നതടക്കമുള്ളവ നിര്‍വഹിക്കുമ്പോള്‍ അധികാര വിനിയോഗത്തില്‍ ജാഗ്രതയും കരുതലും പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടുന്നതില്‍, പ്രത്യേകിച്ച് വെര്‍ച്വല്‍ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാരുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത്, ഇ-കൊമേഴ്‌സ് രജിസ്‌ട്രേഷന് ലളിതമായ നടപടിക്രമമാണ് ഉള്ളതെന്നു ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാരെ ഇതിനകം അറിയിച്ചിട്ടുണ്ടെന്നു നിര്‍മല സീതാരാമന്‍ പറഞ്ഞു. ഒരു ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍ക്ക് ശാരീരിക സാന്നിധ്യമില്ലാത്ത ഒരു പ്രത്യേക സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോള്‍, മറ്റൊരു സംസ്ഥാനത്തോ, കേന്ദ്രഭരണ പ്രദേശത്തോ സ്ഥിതി ചെയ്യുന്ന പ്രധാന ബിസിനസ്സ് സ്ഥലത്തിന്റെ വിശദാംശങ്ങള്‍ നല്‍കി രജിസ്‌ട്രേഷന് അപേക്ഷിക്കാം.

Tags:    

Similar News