ജീവവായു പകര്‍ന്ന് ലൈഫ് പദ്ധതി: കോഴിക്കോട്ട് പൂര്‍ത്തിയായത് 24,000 വീടുകള്‍
- നാലു ലക്ഷം രൂപയാണ് ഒരു വീടു നിര്‍മിക്കാന്‍ നല്‍കുന്നത്
- സംസ്ഥാനത്താകെ 3,75,000 വീടുകള്‍ പൂര്‍ത്തിയാക്കി
- ഓരോ ജില്ലയിലും ജില്ലാ കോര്‍ഡിനേറ്റര്‍ വഴി പദ്ധതി നടപ്പാക്കുന്നു
വീടില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി. ഈ പദ്ധതിക്കു കീഴില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത് 24,000 വീടുകള്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഭൂമിയില്ലാത്ത എല്ലാ ഭവനരഹിതര്‍ക്കും വീടുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം, നടുവണ്ണൂര്‍, പുതുപ്പാടി, മാവൂര്‍ എന്നിവിടങ്ങളില്‍ ഭവനസമുച്ചയങ്ങളും നിര്‍മിക്കുന്നുണ്ട്. ഇതില്‍ ചാത്തമംഗലത്ത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം നിര്‍മാണം പുരോഗമിക്കുകയാണ്. നടുവണ്ണൂരില്‍ 72 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണവും തുടങ്ങിക്കഴിഞ്ഞു. പുതുപ്പാടിയിലേത് ഭൂമി തരംതിരിവ് നടന്നുവരുകയാണ്. ലൈഫ് ഭവനപദ്ധതിയില്‍ ജില്ലയില്‍ പണി പൂര്‍ത്തിയായ 24,000 വീടുകള്‍ ഗുണഭോക്താക്കള്‍ക്കു കൈമാറിക്കഴിഞ്ഞു.
നിര്‍മാണം വിവിധ ഘട്ടങ്ങളായി
വിവിധ ഘട്ടങ്ങളിലായാണ് വീടുനിര്‍മാണം. ഒന്നാം ഘട്ടത്തില്‍ 6484 വീടുകളും രണ്ടാം ഘട്ടത്തില്‍ 5130 എണ്ണവും മൂന്നാംഘട്ടം 543 വീടുകളുമാണ് നിര്‍മിച്ചതെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രജനി പുല്ലാനിക്കാട്ട് പറഞ്ഞു. നാലു ലക്ഷം രൂപയാണ് ഒരു വീടു നിര്‍മിക്കാന്‍ നല്‍കുന്നത്.
പി.എം.എ.വൈ ഗ്രാമീണ ഭവനപദ്ധതി പ്രകാരം നഗരപ്രദേശത്ത് 6231 വീടുകളും ഗ്രാമപ്രദേശത്ത് 2043 എണ്ണവും നിര്‍മാണം പൂര്‍ത്തിയാക്കി. പട്ടികജാതി വകുപ്പിന് കീഴില്‍ 1340 വീടുകളും പട്ടികവര്‍ഗ വകുപ്പിനു കീഴില്‍ 330 വീടുകളുമാണ് നിര്‍മിച്ചു നല്‍കിയത്. ഫിഷറീസ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് 398 വീടുകളും ന്യൂനപക്ഷ വകുപ്പിനു കീഴില്‍ 124 വീടുകളും നിര്‍മിച്ചു. ഇതിനു പുറമെ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് 1597 വീടുകളും ഭൂമിയും വീടുമില്ലാത്തവര്‍ക്കായി 79 വീടുകളുമാണ് പണി പൂര്‍ത്തിയാക്കിയത്.
സഹായഹസ്തവുമായി കേന്ദ്രവും
പി.എം.എ.വൈ ഗ്രാമീണ ഭവനപദ്ധതി പ്രകാരം ലഭിച്ച 29,475 വീടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വീടൊന്നിന് 72,000 രൂപ നിരക്കില്‍ നല്‍കുന്ന 212.22 കോടി രൂപയും പി.എം.എ.വൈ നഗര ഭവനപദ്ധതിയില്‍ നല്‍കുന്ന 77,803 വീടുകള്‍ക്ക് വീടൊന്നിന് ഒന്നര ലക്ഷം രൂപ നിരക്കിലുള്ള 1,167.04 കോടി രൂപയും ചേര്‍ത്ത് 1,379.26 കോടി രൂപയാണ് കേന്ദ്ര സഹായം. ബാക്കി 14,620.74 കോടി രൂപ സംസ്ഥാന സര്‍ക്കാറിന്റെ സംഭാവനയാണ്.
2016ല്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതി പ്രകാരം സംസ്ഥാനത്താകെ 3,75,000 വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഭവനസമുച്ചയങ്ങളിലായി 469 കുടുംബങ്ങള്‍ക്ക് ഫല്‍റ്റ് നല്‍കി. ഭൂരഹിത ഭവനരഹിതര്‍ക്കായി സംസ്ഥാനത്ത് നിര്‍മിക്കുന്ന 29 ഭവനസമുച്ചയങ്ങളില്‍ നാല് ഫല്‍റ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ച് 174 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 25 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. ഓരോ ജില്ലയിലും ജില്ലാ കോര്‍ഡിനേറ്റര്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ 15 ശതമാനം വീടുകളാണ് കേന്ദ്രപദ്ധതിയില്‍ പൂര്‍ത്തിയാക്കിയത്.
കോര്‍പറേഷന്‍ നിര്‍മിച്ചുനല്‍കിയത് 2370 വീടുകള്‍
കോര്‍പറേഷന്‍ ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്കു കീഴില്‍ 2370 വീടുകള്‍ പണി പൂര്‍ത്തിയാക്കി കൈമാറിയതായി കുടുംബശ്രീ പ്രൊജക്റ്റ് ഓഫിസര്‍ ടി.കെ പ്രകാശ് അറിയിച്ചു. 4824 വീടുകള്‍ നിര്‍മിക്കാനാണ് കരാറിലേര്‍പ്പെട്ടത്. ശേഷിക്കുന്നവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഭൂമിയും വീടുമില്ലാത്തവര്‍ക്ക് താമസിക്കാനായി ബേപ്പൂരില്‍ ഭവനസമുച്ചയത്തിന് തറക്കല്ലിട്ടിട്ടുണ്ട്. ഇതില്‍ 92 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ ലഭിക്കും. 12 ലക്ഷം രൂപ ഒരു ഫല്‍റ്റിന് ചെലവു കണക്കാക്കുന്നു.
