മൂർത്തിയുടെ '' 70 മണിക്കൂർ ജോലി''ക്ക് കല്ലും പൂവും

  • നിലവിലെ ഇന്ത്യൻ ജോലി സമയം 48 മണിക്കൂർ
  • ഓല കാബ് സിഇഒ ഭാവിഷ് അഗർവാള്‍ ഈ പ്രസ്താവനയെ ശരിവെച്ചു.
  • ഏറ്റവും ദൈർഘ്യമേറിയ ജോലി സമയത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ

Update: 2023-10-28 09:38 GMT

ഇന്ത്യൻ യുവാക്കള്‍  70 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറാവണമെന്ന  ഇൻഫോസിസ് സ്ഥാപകന്‍  എന്‍ ആർ  നാരായണ മൂർത്തിയുടെ  പ്രസ്താവന രാജ്യമെങ്ങും ചർച്ചയ്ക്കു വഴിയൊരുക്കിയിരിക്കുകയാണ്. രാഷ്ട്രപുനർനിർമാണത്തിനു യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യണം. ഇന്ത്യ അതിന്‍റെ ജോലിയിലെ കാര്യക്ഷമത ഉയർത്തേണ്ടതുണ്ട്. അതിനുള്ള ഉത്തരവാദിത്വം രാജ്യത്തെ യുവാക്കള്‍ ഏറ്റെടുക്കണമെന്നായിരുന്നു മൂർത്തിയുടെ പ്രസ്താവന. ഈ  പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ മുന്നോട്ടു വന്നിരിക്കുകയാണ്.

നിരവധി കമ്പനികളുടെ സിഇഒമാർ  മൂർത്തിയെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുണ്ട്.ഓല കാബ് സിഇഒ ഭവിഷ് അഗർവാള്‍ ഇത് ശരിവെച്ചു.കുറഞ്ഞ ജോലി ചെയ്യാനും വിനോദിക്കുവാനുള്ള സമയമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇൻഫോസിസ് മുൻ സിഎഫ്ഒയും മൂർത്തിയുടെ സഹപ്രവർത്തകനുമായ ടി വി മോഹൻദാസ് പൈ മൂർത്തി പറഞ്ഞതിനെ അനുകൂലിക്കുക മാത്രമല്ല, പ്രതികൂല പ്രസ്താവനകളെ നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

" നമ്മുട മുത്തച്ഛന്‍മാരുടെ തലമുറ  സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. നമ്മുടെ മാതാപിതാക്കള്ളുടെ തലമുറ ഭക്ഷണം, വസ്ത്രം,വീട് എന്നിവയ്ക്കു വേണ്ടി പോരാടി.  അതേപോലെ നമ്മുടെ തലമുറ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിലയ സമ്പദ്ഘടനയാക്കുവാന്‍ പ്രവർത്തിക്കണം." ഭവിഷ് അഗർവാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സാധാരണക്കാരും  അതുപയോഗിക്കുന്നവരും മൂർത്തിക്കെതിരേ നിശിത വിമർശനമാണ് ഉന്നയിക്കുന്നത്.

70 മണിക്കൂർ എന്നത്, 5 ദിവസമാണ് ജോലിയെങ്കില്‍ ദിവസം 14 മണിക്കൂർ,7 ദിവസമാണെങ്കില്‍ 10 മണിക്കൂർ. ദൈർഘ്യമേറിയ ജോലി സമയം യുവാക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗം,സ്ട്രോക് പോലെയുള്ള ആരോഗ്യ പ്രശ്മങ്ങള്‍ക്ക് ഇത് കാരണമാകും എന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ മണിക്കൂർ ജോലിയും കുറഞ്ഞ വേതനവും ജോലിയും കുടുംബജീവതവും തമ്മില്‍‍ സന്തുലനം ഇല്ലാത്തതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഈ പ്രസ്താവനയെ ഞാൻ പൂർണ്ണഹൃദയത്തോടെ അംഗീകരിക്കുന്നു. ഇത് പൊള്ളലേറ്റതിനെക്കുറിച്ചല്ല, സമർപ്പണത്തെക്കുറിച്ചാണ്. 2047-ൽ നമുക്ക് അഭിമാനിക്കാവുന്ന ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റണം. നമ്മുടെ വലിപ്പത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് വേണ്ടത് ആഴ്‌ചയില്‍ 5 ദിവസം എന്നത്  സംസ്‌കാരമല്ല.” ,ജെഎസ് ഡബ്ല്യൂ ചെയർമാൻ സജ്ജൻ ജിൻഡല്‍  എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു.

''കഠിനാധ്വാനം തീർച്ചയായും പ്രധാനമാണെന്ന് കരുതുക, എന്നാൽ കഠിനാധ്വാനത്തെ മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ തുല്യമാക്കുന്നത് അത് ചെയ്യാനുള്ള മികച്ച മാർഗമായിരിക്കില്ല'' എന്ന്  പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത്  വ്യക്തമാക്കി.

യുവാക്കള്‍ ആഴ്ച്ചയില്‍ എഴുപത് മണിക്കൂർ ജോലി ചെയ്യണമെന്നും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് കൂടുതല്‍ കരുത്തുള്ളതാക്കുന്നതില്‍ രാജ്യത്തെ യുവാക്കള്‍ക്ക് വലിയ പങ്കുണ്ടെന്നും  നാരായണ മൂർത്തി ത്രീ വണ്‍ ഫോര്‍ ക്യാപിറ്റല്‍ പോഡ്കാസ്റ്റായ ദ റെകോർഡിൻ്റെ ആദ്യത്തെ എപിസോഡില്‍ പറഞ്ഞിരുന്നു.

ആഗോള തലത്തില്‍ ഇന്ത്യയുടെ ഉല്പാദനക്ഷമത മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താഴെയാണ്. നമ്മുടെ യുവാക്കള്‍ പറയണം, "ഇതാണ് എൻ്റെ രാജ്യം.ഞങ്ങള്‍ക്ക് എഴുപത് മണിക്കൂർ ജോലിചെയ്യണം." എന്നാണ് തൻ്റെ അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ശക്തിയുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് ചെറുപ്പക്കാർ അധിക സമയം ജോലി ചെയ്യേണ്ടതുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാൻ ജർമ്മനി എന്നീ രാജ്യങ്ങള്‍ക്ക് ചെെന പോലെയുള്ള  സാമ്പത്തിക ശക്തിയുമായി പിടിച്ചു നില്‍ക്കാൻ സാധിച്ചത് ഇങ്ങനെ ചെയ്തിട്ടാണ്. രാജ്യ നിർമ്മാണത്തെ കുറിച്ചും സാമ്പത്തിക ഉയരങ്ങളിലേക്ക് രാജ്യത്തെ എങ്ങനെയെത്തിക്കാം എന്നതിനെ കുറിച്ചും  ഈ അഭിമുഖത്തില്‍ മൂർത്തി ഈ പോഡ്കാസ്റ്റില്‍  വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രകാരം നിലവിലെ ഇന്ത്യൻ ജോലി സമയം 8-10 മണിക്കൂർ വരെയാണ്. പ്രതിവാര സമയം 48 മണിക്കൂറിൽ കൂടരുത്. ഓവർടൈം ഉൾപ്പെടെ പ്രതിവാര പരിധി 50-60 മണിക്കൂറായി പരിമിതപ്പെടുത്തിയിരിക്കുന്നു. 5 മണിക്കൂറിൽ കൂടുതൽ 30 മിനിറ്റ് ഇടവേളയിൽ തുടർച്ചയായി പ്രവർത്തിക്കില്ല. ഇത് ഇന്ത്യയെ ഏറ്റവും ദൈർഘ്യമേറിയ ജോലി സമയത്തില്‍ അഞ്ചാം  സ്ഥാനത്താക്കുന്നു.

Tags:    

Similar News