വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി

  • എന്‍ഡിടിവിയില്‍ 65 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പിനുള്ളത്
  • 1994 ഡിസംബര്‍ 26ന് സ്ഥാപിതമായതാണ് ഐഎഎന്‍എസ്
  • ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് സ്ഥാപനമായ ബിക്യു പ്രൈം അദാനി ഗ്രൂപ്പ് കഴിഞ്ഞ മാര്‍ച്ച് മാസം ഏറ്റെടുത്തിരുന്നു

Update: 2023-12-16 09:02 GMT

അദാനി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വര്‍ക്‌സ് ലിമിറ്റഡ് (എഎംഎന്‍എല്‍) വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 50.50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. എത്ര രൂപയ്ക്കാണു ഓഹരി സ്വന്തമാക്കിയതെന്നു വെളിപ്പെടുത്തിയിട്ടില്ല.

ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയറുകള്‍ ഉള്‍ക്കൊള്ളുന്ന 50.50 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ ഭൂരിഭാഗം ഓഹരികളും ഐഎഎന്‍എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വോട്ടിംഗ് അവകാശങ്ങളുള്ള കാറ്റഗറി 1 ഷെയറുകളും, വോട്ടിംഗ് അവകാശമില്ലാത്ത കാറ്റഗറി 11 ഷെയറുകളും ഉള്‍ക്കൊള്ളുന്നതാണ്.

1994 ഡിസംബര്‍ 26ന് സ്ഥാപിതമായതാണ് ഐഎഎന്‍എസ്. ഡല്‍ഹിയിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഎഎന്‍എസ്, 20,00,000 രൂപയുടെ ഓതറൈസ്ഡ് ഷെയര്‍ ക്യാപിറ്റലും, 10,00,000 രൂപയുടെ പെയ്ഡ് അപ് ഷെയര്‍ ക്യാപിറ്റലുമുള്ള കമ്പനിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ വിറ്റുവരവില്‍ സ്ഥിരമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

2020-21 ല്‍ 10,33,13,613 രൂപയും,

2021-22 ല്‍ 9,38,66,571 രൂപയും,

2022-23 ല്‍ 11,86,12,310 രൂപയുമാണ് വിറ്റുവരവ്.

പ്രമുഖ മാധ്യമമായ എന്‍ഡിടിവിയില്‍ 65 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പിനുള്ളത്.

ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് സ്ഥാപനമായ ബിക്യു പ്രൈം അദാനി ഗ്രൂപ്പ് കഴിഞ്ഞ മാര്‍ച്ച് മാസം ഏറ്റെടുത്തിരുന്നു.

Similar News