അദാനി ഗ്രൂപ്പ് യുഎസില്‍ രഹസ്യ റെഗുലേറ്ററി നിരീക്ഷണത്തില്‍
- സ്ഥാപന നിക്ഷേപകരോട് വിവരങ്ങള്‍ തേടുന്നു
- അന്വേഷണം ഔദ്യോഗികമായി പരസ്യപ്പെടുത്താതെ
- സെബിയുടെ അന്വേഷണത്തിന് അനുവദിച്ചിട്ടുള്ളത് ഓഗസ്റ്റ് 14 വരെ
ഷോർട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിനെതിരേ യുഎസ് അധികൃതർ അന്വേഷണം നടത്തുന്നതായി ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്നുള്ള വന്‍കിട കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള യുഎസിലെ സ്ഥാപന നിക്ഷേപകരോട് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലുള്ള യുഎസ് അറ്റോർണി ഓഫീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം അന്വേഷണങ്ങള്‍ വിവിധ നിക്ഷേപകര്‍ക്ക് അയച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ് നിക്ഷേപകരോട് എന്താണ് പറഞ്ഞിട്ടുള്ളത് എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണങ്ങള്‍. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും സമാനമായ അന്വേഷണം അദാനി ഗ്രൂപ്പിനെതിരേ നടത്തുന്നുണ്ടെന്ന് വിവിധ സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ അന്വേഷണങ്ങളൊന്നും ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല. നിയമ നിർവ്വഹണ ഏജൻസികൾ പലപ്പോഴും ഇത്തരം വിവരശേഖരണം നടത്താറുണ്ടെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ അല്ലെങ്കിൽ സിവിൽ നടപടികൾ ഫയൽ ചെയ്യുന്നതിലേക്ക് നീങ്ങണമെന്നില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികളുടെ വിലയില്‍ ദീർഘകാലമായി കൃത്രിമത്വം നടത്തുന്നുവെന്നും അക്കൗണ്ടിംഗ് വഞ്ചന ഉണ്ടെന്നുമാണ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്‍റെ റിസർച്ച് റിപ്പോർട്ടിനെത്തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പിനു മേല്‍ യുഎസ് അധികൃതരുടെ സൂക്ഷ്മമായ പരിശോധന ആരംഭിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ആതിഥ്യമരുളുന്ന ഘട്ടത്തിലാണ് അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങളുടെ വാര്‍ത്താ പുറത്തുവന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. മോദിയുമായി ഏറെ സൗഹൃദം പുലര്‍ത്തുന്ന വ്യാവസായിക പ്രമുഖരില്‍ ഒരാളാണ് അദാനി ഗ്രൂപ്പിന്‍റെ ചീഫ് ഗൗതം അദാനി. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത് ഗുജറാത്തില്‍ നിന്നുള്ള അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിപണിയിലെ മുന്നേറ്റത്തിലും വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലും വിപണി നിയന്ത്രക സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അന്വേഷണം അദാനി ഗ്രൂപ്പിനെതിരേ നടക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ഓഗസ്റ്റ് 14 വരെയാണ് സുപ്രീംകോടതി സെബിക്ക് സമയം നല്‍കിയിട്ടുള്ളത്. ജൂലൈ 11ന് ഇതുസംബന്ധിച്ച കേസില്‍ സൂപ്രീംകോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ അവകാശവാദങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ചിലര്‍ കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി ഇതിനകം 11 വിദേശ റെഗുലേറ്റർമാരെ വിവരങ്ങള്‍ കൈമാറുന്നതിനായി സമീപിച്ചിട്ടുണ്ടെന്നും സെബി വ്യക്തമാക്കുന്നു.
