ഒരു ദിവസം മുമ്പ് നേരിയ പുരോഗതി കാണിച്ച ഡല്‍ഹിയിയിലെയും സമീപപ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ഒറ്റ രാത്രികൊണ്ട് വീണ്ടും വഷളായി. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗതിയുണ്ടാകാനുള്ള സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നു.
ഇന്ന് (തിങ്കള്‍) രാവിലെ എട്ട് മണിക്ക് വായു ഗുണനിലവാര സൂചിക (എക്യുഐ) 338 ആണ്. ഞായറാഴ്ച്ച രാവിലെ 290, വൈകുന്നേരം 301 എന്നിങ്ങനെയായിരുന്നു എക്യുഐ. എല്ലാ ദിവസവും വൈകുന്നേരം നാല് മണിക്കാണ് 24 മണിക്കൂറിലെ ശരാശരി വായു ഗുണ നിലവാരം കണക്കാക്കുന്നത്. ഇത് ശനിയാഴ്ച്ച വൈകിട്ട് നാല് മണിക്ക് 319, വെള്ളിയാഴ്ച്ച 405, വ്യാഴാഴ്ച്ച 419 എന്നീ നീലകളിലായിരുന്നു. അടുത്ത പ്രദേശങ്ങളായ ഗാസിയാബാദ് 306, ഗുരുഗ്രാം 239, ഗ്രേയ്റ്റര്‍ നോയിഡ 288, നോയിഡ 308, ഫരീദാബാദ് 320 എന്നിങ്ങനെയാണ് വായു ഗുണലിവരം.
യമുനയിൽ വിഷ പത
ദേശീയ തലസ്ഥാനമായ കാളിന്ദി കുഞ്ചിലെ ഛാത്ത് പൂജ ആഘോഷങ്ങളുടെ ഭാഗമായി ഭക്തര്‍ ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ ഉദിച്ചുയരുന്ന സൂര്യന് അരഘ്യ സമര്‍പ്പിച്ചിരുന്നു. യമുന നദിയുടെ ഉപരിതലത്തില്‍ വിഷ പത പൊങ്ങിക്കിടക്കുകയാണ്. യമുന നദിയിലെ ഉയര്‍ന്ന ഫോസ്‌ഫേറ്റ് മൂലമാണ് വിഷമയമായ നുരയും പതയും ഉണ്ടാകുന്നത്. ഇത് ചര്‍മ്മ-ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും. അതേ സമയം, രാജ്യത്തുടനീളമുള്ള ഭക്തര്‍ 36 മണിക്കൂര്‍ നീണ്ടു നിന്ന ഉപവാസം അവസാനിപ്പിച്ചാണ് അരഘ്യ അര്‍പ്പിച്ചത്.
മഹാരാഷ്ട്രയിൽ ഭൂചലനം
ഇതിനിടയില്‍ മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 5.09 നാണ് അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍ ചലനമുണ്ടായതെന്ന് എന്‍സിഎസ് പറയുന്നു.
