അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം; പ്രതിഷേധവുമായി വിമാനക്കമ്പനികള്‍
ഐപിഎല്‍ സമയത്ത് സ്‌പെഷ്യല്‍ ഫ്‌ളൈറ്റിലെ ഓരോ യാത്രക്കാരനില്‍നിന്നും അധിക നിരക്ക് അഹമ്മദാബാദ് എയര്‍പോര്‍ട്ട് ഈടാക്കി
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളുടെ യൂസര്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രമുഖ വിമാനക്കമ്പനികള്‍ രംഗത്ത്. ഐസിസി ക്രിക്കറ്റ് ലോകകപ്പിന് വേദിയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം. ഇവിടെയാണ് ലോകകപ്പ് ഉദ്ഘാടന മത്സരം അരങ്ങേറിയത്. നവംബര്‍ 19ന് ഫൈനല്‍ മത്സരവും അരങ്ങേറുന്നത് ഇവിടെയാണ്. ലോകകപ്പ് മത്സരം വീക്ഷിക്കാന്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളില്‍ നിരവധി വിഐപികള്‍ അഹമ്മദാബാദിലെത്തുമെന്നത് ഉറപ്പാണ്. ഈ പശ്ചാത്തലത്തിലാണു യൂസര്‍ ഫീ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടാന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ചാര്‍ജുകള്‍ 10 ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. ഇത്തരത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധന നിയമവിരുദ്ധമാണെന്നും ചാര്‍ട്ടര്‍ ഓപ്പറേഷന്‍ അസാധ്യമാക്കുമെന്നും വിമാനക്കമ്പനികള്‍ പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളം സെപ്റ്റംബറില്‍ പുറപ്പെടുവിച്ച താരിഫ് ലിസ്റ്റ് അനുസരിച്ച് 15-ല്‍ കൂടുതല്‍ യാത്രക്കാരെ വഹിച്ച ചാര്‍ട്ടര്‍ ഫ്‌ളൈറ്റില്‍നിന്നും ജനറല്‍ ഏവിയേഷന്‍ ചാര്‍ജ്ജായി കുറഞ്ഞത് 2,65,000 രൂപ ഈടാക്കിയിട്ടുണ്ട്.
ഇതിനു പുറമെ ഓരോ യാത്രക്കാരനില്‍നിന്നും 17,667 രൂപയും ഈടാക്കിയെന്നാണ്.
ഇന്ത്യയില്‍ ഐപിഎല്‍ നടന്ന സമയത്ത് സര്‍വീസ് നടത്തിയ സ്‌പെഷ്യല്‍ ഫ്‌ളൈറ്റിലെ ഓരോ യാത്രക്കാരനില്‍നിന്നും 6,000 രൂപ വീതം അധിക നിരക്ക് അഹമ്മദാബാദ് എയര്‍പോര്‍ട്ട് ഈടാക്കിയിട്ടുണ്ട്.
ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചതോടെ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയര്‍ലൈനുകള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വഹിച്ചുകൊണ്ട് പ്രത്യേക ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തുന്നുണ്ട്.
