വിപണിയില്‍ മധുരം പകരാന്‍ ആലങ്ങാടന്‍ ശര്‍ക്കര തിരികെയെത്തുന്നു
നീറിക്കോട്, കൊങ്ങോര്‍പ്പിള്ളി, തിരുവാലൂര്‍ എന്നിവിടങ്ങളില്‍ ആറ് ഏക്കറിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്
എറണാകുളം ജില്ലയില്‍ ആലങ്ങാടിന്റെ മണ്ണില്‍ കരിമ്പ് കൃഷി തുടങ്ങിയതോടെ ആലങ്ങാടന്‍ ശര്‍ക്കരയും തിരികെയെത്തുന്നു. കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെയും 'കൃഷിക്കൊപ്പം കളമശ്ശേരി' പദ്ധതിയുടെയും ഭാഗമായാണ് ആലങ്ങാട് കരിമ്പ് കൃഷി വീണ്ടും കരുത്താര്‍ജ്ജിക്കുന്നത്.
നീറിക്കോട്, കൊങ്ങോര്‍പ്പിള്ളി, തിരുവാലൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആറ് ഏക്കറിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്. കൊടുവഴങ്ങയില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, ആലങ്ങാട് സഹകരണ ബാങ്ക്, എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്ര, കൃഷി വകുപ്പ് ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്.
മണ്ണില്‍ മധുരം വിളഞ്ഞു തുടങ്ങിയതോടെ ആലങ്ങാടിന്റെ പെരുമ ഉണര്‍ത്തുന്ന ആലങ്ങാടന്‍ ശര്‍ക്കര ഉല്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആലങ്ങാട് സഹകരണ ബാങ്ക്. ശര്‍ക്കര നിര്‍മ്മാണ യുണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുന്ന ഫണ്ട് വിനിയോഗിച്ചാണ് ശര്‍ക്കര നിര്‍മ്മാണ യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നത്.
35 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന യൂണിറ്റിന്റെ നിര്‍മ്മാണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. 2024ല്‍ ആലങ്ങാടന്‍ ശര്‍ക്കര വിപണിയില്‍ സജീവമാകും.
