' ഭാരത്‌പേ ' ക്കെതിരേ പോസ്റ്റ്: അഷ്‌നീര്‍ ഗ്രോവര്‍ക്ക് 2 ലക്ഷം രൂപ പിഴയിട്ട് കോടതി

ഭാരത്‌പേയുടെ സഹസ്ഥാപകന്‍ കൂടിയാണ് അഷ്‌നീര്‍ ഗ്രോവര്‍

Update: 2023-11-28 09:51 GMT

ഫിന്‍ടെക് സ്ഥാപനമായ ഭാരത്‌പേക്കെതിരേ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിന് അഷ്‌നീര്‍ ഗ്രോവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി 2 ലക്ഷം രൂപ പിഴയിട്ടു.

ഭാരത്‌പേയുടെ സഹസ്ഥാപകന്‍ കൂടിയാണ് അഷ്‌നീര്‍ ഗ്രോവര്‍.

അതേസമയം നവംബര്‍ 28 ന് ഡല്‍ഹി ഹൈക്കോടതിയില്‍ കമ്പനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിനു അഷ്‌നീര്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

ഈ വര്‍ഷം മേയ് മാസം അഷ്‌നീര്‍ ഗ്രോവറിനോടും ഭാരത് പേ കമ്പനിയധികൃതരോടും വാക്‌പോരിലേര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മാസങ്ങളായി അഷ്‌നീര്‍ ഗ്രോവറും ഭാരത് പേയുടെ മാതൃകമ്പനിയായ റീസൈലന്റ് ഇന്നൊവേഷന്‍സും തമ്മില്‍ നിയമപോരാട്ടത്തിലാണ്.

ആഡംബര ജീവിതം നയിക്കാന്‍ അഷ്‌നീര്‍ കമ്പനിയുടെ പണം ദുരുപയോഗപ്പെടുത്തിയെന്നാരോപിച്ചാണു ഭാരത് പേ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ ഭാഗമായി നടന്ന അന്വേഷണത്തില്‍ അഷ്‌നീറും കുടുംബാംഗങ്ങളും 81 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയും ചെയ്തു.

സമീപകാലത്ത് ഭാരത് പേയുടെ മാതൃകമ്പനിയായ റീസൈലന്റ് ഇന്നൊവേഷന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അഷ്‌നീര്‍ ഗ്രോവര്‍ വെളിപ്പെടുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

ഭാരത് പേയുടെ സമീപകാല ഫണ്ടിംഗ് റൗണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇക്വിറ്റി അലോക്കേഷനും മറ്റു വിശദാംശങ്ങളും അഷ്‌നീര്‍ പങ്കുവച്ചതിനു പിന്നാലെയാണു കമ്പനി കോടതിയെ സമീപിച്ചത്.

Tags:    

Similar News