ഏഷ്യാ ഇക്കണോമിക് ഡയലോഗ് വ്യാഴാഴ്ച മുതല്‍ പൂനെയില്‍

  • സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍
  • ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 40-ല്‍ അധികം പ്രഭാഷകര്‍ സമ്മേളനത്തിന്റെ ഭാഗമാകും

Update: 2025-02-18 04:15 GMT

ഏഷ്യാ ഇക്കണോമിക് ഡയലോഗ് വ്യാഴാഴ്ച മുതല്‍ പൂനെയില്‍ നടക്കും. സമ്മേളനം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. വിദേശകാര്യ മന്ത്രാലയവും പൂനെ ഇന്റര്‍നാഷണല്‍ സെന്ററും (പിഐസി) സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ വാര്‍ഷിക സമ്മേളനത്തിന്റെ ആറാമത് പതിപ്പാണിത്.

ഓസ്ട്രേലിയ, ഈജിപ്ത്, ഇന്തോനേഷ്യ, ജപ്പാന്‍, നേപ്പാള്‍, നെതര്‍ലാന്‍ഡ്സ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമിക്, നയരൂപീകരണ , വ്യവസായ വിദഗ്ധര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. 40-ലധികം പ്രഭാഷകര്‍ പങ്കെടുക്കുന്ന 12 സെഷനുകളാണ് പരിപാടിയില്‍ ഉണ്ടാകുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, ആഫ്രിക്കന്‍ പരിവര്‍ത്തനം, നീല സമ്പദ്വ്യവസ്ഥ, അന്താരാഷ്ട്ര നാണയ സംവിധാനം, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇകള്‍), കാലാവസ്ഥാ വ്യതിയാനം എന്നീവിഷയങ്ങള്‍ ഏഷ്യാ ഇക്കണോമിക് ഡയലോഗില്‍ ചര്‍ച്ചയാകും.

പ്രമുഖ ശാസ്ത്രജ്ഞനും പിഐസി പ്രസിഡന്റുമായ ഡോ. രഘുനാഥ് മഷേല്‍ക്കറുടെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും, കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടന പ്രസംഗം നടത്തും.

ഉദ്ഘാടന സെഷനില്‍ പീയൂഷ് ഗോയലും ഏഷ്യാ ഇക്കണോമിക് ഡയലോഗ് കണ്‍വീനറും ചൈനയിലെയും ഭൂട്ടാനിലെയും മുന്‍ അംബാസഡറുമായ ഗൗതം ബംബാവാലെയും തമ്മിലുള്ള സംഭാഷണം ഉണ്ടായിരിക്കും.

തുടര്‍ന്ന് ബയോകോണ്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷായുമായുള്ള സംഭാഷണം നടക്കും. പരിപാടിയുടെ മൂന്നാം ദിവസത്തെ സമാപന പ്രസംഗം റെയില്‍വേ, വാര്‍ത്താവിനിമയ പ്രക്ഷേപണം, ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തും.

വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചുള്ള സൂക്ഷ്മമായ ചര്‍ച്ചകളിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമസാമ്പത്തിക ഭൂപ്രകൃതിയെ മറികടക്കാന്‍ രാഷ്ട്രങ്ങളെയും വ്യവസായങ്ങളെയും വ്യക്തികളെയും ശാക്തീകരിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. 

Tags:    

Similar News