നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് ; അയോധ്യ കുതിക്കുന്നു
- അന്വേഷണങ്ങളില്‍ വിനോദ സഞ്ചാരമേഖലകളെ അയോധ്യ മറികടന്നു
- റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് മികച്ച മേഖല അയോധ്യയെന്ന് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍
- പ്രോപ്പര്‍ട്ടി നിരക്കുകളില്‍ ഒരു വര്‍ഷത്തിനിടെ 100ശതമാനം വര്‍ധന
നിക്ഷേപത്തിലും റിയല്‍ എസ്റ്റേറ്റ് അന്വേഷണത്തിലും അയോധ്യ ഗോവയെയും ഹിമാചലിനെയും മറികടന്നു മുന്നേറുന്നു.
ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) നിന്ന് അയോധ്യയ്ക്ക് ചുറ്റുമുള്ള ഭൂമി അല്ലെങ്കില്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ സമാനതകളില്ലാത്ത വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് ഏറ്റവും കൂടുതല്‍ അനുയോജ്യമായ സ്ഥലം അയോധ്യയാണെന്ന് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ വര്‍ഷവും ഭക്തരുടെ പതിവ് പ്രവാഹം ഉണ്ടായിരുന്നിട്ടും, രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവും പ്രതീക്ഷിക്കുന്ന ഗംഭീരമായ ഉദ്ഘാടന ചടങ്ങും പ്രാദേശിക ടൂറിസം വ്യവസായത്തെ ഉയര്‍ത്തുകയാണ്. പ്രോപ്പര്‍ട്ടി നിരക്കുകള്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന്് 100 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
നോയിഡ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്റായ കെ.കെ. ശര്‍മ്മ, സ്വത്ത് അന്വേഷണത്തിന്റെ കാര്യത്തില്‍ അയോധ്യ ഇപ്പോള്‍ ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെ മറികടന്നതായി പറയുന്നു.
രാജ്യത്തിന്റെ ടൂറിസം ഭൂപടത്തില്‍ അയോധ്യയെ ഉള്‍പ്പെടുത്തിയ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണമാണ് ഈ കുതിപ്പിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഗോവ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപം തേടുന്ന മുന്‍ പ്രവണതയില്‍ നിന്ന് മാറി, ഔട്ട്സ്റ്റേഷന്‍ പ്രോപ്പര്‍ട്ടി അന്വേഷണങ്ങളില്‍ 90 ശതമാനവും ഇപ്പോള്‍ അയോധ്യയ്ക്ക് മാത്രമാണെന്ന് ശര്‍മ്മ വ്യക്തമാക്കുന്നു.
ഈ പ്രവണത റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കിടയിലും താല്‍പ്പര്യം ജനിപ്പിച്ചിട്ടുണ്ട്. അയോധ്യയിലെ ഫ്‌ളാറ്റുകളുടെ ആവശ്യകതയില്‍ വര്‍ധനവ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സമാനമായ ജീവിത നിലവാരത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഉയര്‍ന്നനിലവാരമുള്ള അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവരില്‍ നിന്ന്.
പരമ്പരാഗത ശൈലിയിലാണ് രാമക്ഷേത്ര സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 380 അടി നീളവും , 250 അടി വീതിയും 161 അടി ഉയരവുമായിരിക്കും. ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും 20 അടി ഉയരവും 392 തൂണുകളും 44 കവാടങ്ങളും ഉണ്ടായിരിക്കും. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും.
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍, ശതകോടീശ്വരന്‍ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുള്‍പ്പെടെ 7,000-ത്തിലധികം ആളുകളെ ക്ഷേത്ര ട്രസ്റ്റ് ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും ക്ഷണമുണ്ട്.
