ബാങ്കിംഗ് തട്ടിപ്പ്; എണ്ണം വര്‍ധിച്ചെങ്കിലും തുകയില്‍ കുറവെന്ന് ആര്‍ബിഐ

  • വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ കുറവുണ്ട്.

Update: 2022-12-28 09:30 GMT

മുംബൈ: 2021-22 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചുവെങ്കിലും ഇവയുമായി ബന്ധപ്പെട്ട തുകയുടെ അളവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞുവെന്ന് ആര്‍ബിഐ. ആര്‍ബിഐയുടെ ട്രെന്‍ഡ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021-22 സാമ്പത്തികവര്‍ഷം 9,102 ബാങ്ക് തട്ടിപ്പുകള്‍ നടന്നു. ഇക്കാലയളവില്‍ 60,389 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 2020-21ല്‍ 7,358 തട്ടിപ്പുകളിലായി 1.37 ലക്ഷം കോടി രൂപ നഷ്ടമായെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019-20 കാലയളവില്‍ ആകെ 1.85 ലക്ഷം കോടി രൂപ ബാങ്ക് തട്ടിപ്പുകള്‍ നടന്നു. അക്കാലയളവില്‍ 8,702 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ കുറവുണ്ട്. 2021-22 സാമ്പത്തികവര്‍ഷം 1,112 തട്ടിപ്പുകള്‍ നടന്നുവെന്നും 6,042 കോടി രൂപയാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020-21 കാലയളവില്‍ വായ്പാ ഇനത്തില്‍ 1,477 തട്ടിപ്പുകള്‍ നടന്നു. 14,973 കോടി രൂപയാണ് ഇതില്‍ ഉള്‍പ്പെട്ടത്. നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 5,406 തട്ടിപ്പ് കേസുകള്‍ നടന്നുവെന്നും 19,485 കോടി രൂപയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വായ്പ ദാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകള്‍ക്ക് പുറമെ, ആര്‍ബിഐ ഓംബുഡ്സ്മാന്‍ ഓഫീസുകളില്‍ 3.04 ലക്ഷം പരാതികള്‍ ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആശങ്ക അനുഭവിക്കുന്നത് എടിഎം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ഇടപാടുകളിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Tags:    

Similar News