ടി10 ക്രിക്കറ്റുമായി ബിസിസിഐ
- ഐപിഎല്ലില്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു
- ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമാണ് നിലവില്‍ ടി20
- ഐപിഎല്ലിന് കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്
അടുത്ത വര്‍ഷം ടി10 ഫോര്‍മാറ്റില്‍ ബിസിസിഐ പുതിയ ക്രിക്കറ്റ് ലീഗ് ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 സെപ്റ്റംബര്‍-ഒക്ടോബറില്‍ ടി10 അവതരിപ്പിക്കുമെന്നാണു സൂചന. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമാണ് നിലവില്‍ ടി20. 20 ഓവറുകളാണ് ഈ ഫോര്‍മാറ്റിലുള്ളത്.ഇതിലും ചെറു രൂപത്തിലുള്ളതായിരിക്കും ടി10 എന്നാണു സൂചന.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) തന്നെ ടി20 ഫോര്‍മാറ്റാണ്. ഐപിഎല്ലിന് കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഐപിഎല്ലിന്റെ വാല്യുവേഷനിലും വലിയ വര്‍ധനയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണു പുതിയ ഫോര്‍മാറ്റായ ടി10 അവതരിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നത്.
ഏകദേശം 10.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐപിഎല്‍ ഒരു ഡെക്കാകോണ്‍ പദവി നേടിയെന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ഈ ആഴ്ച ആദ്യം ബ്രാന്‍ഡ് ഫിനാന്‍സ് എന്ന ബ്രാന്‍ഡ് വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സി പുറത്തിറക്കിയിരുന്നു.
ഐപിഎല്ലില്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 500 കോടി ഡോളര്‍ വരെ ഐപിഎല്ലിലേക്ക് നിക്ഷേപിക്കാനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അല്ലെങ്കില്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോലെ മറ്റ് രാജ്യങ്ങളിലേക്ക് ഐപിഎല്ലിനെ വ്യാപിപ്പിക്കാന്‍ സഹായിക്കാനും സൗദിക്ക് പദ്ധതിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
