ബെംഗളൂരു മെട്രോ: പാതയുടെ സുരക്ഷാ പരിശോധന നീട്ടിവെച്ചു
- പുതിയ ലൈനിലൂടെയുള്ള സര്‍വീസിന് അടുത്തമാസം വരെ കാത്തിരിക്കണം
- സെപ്റ്റംബര്‍ 21ന് സുരക്ഷാ പരിശോധന നടന്നേക്കും
- ഉദ്ഘാടനത്തിന് വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ഉറപ്പാക്കേണ്ടതുണ്ട്
ബെംഗളൂരു മെട്രോയുടെ ചല്ലഗട്ട ലൈനിനുള്ള സുരക്ഷാ അനുമതി വൈകുന്നു. പാതയുടെ നിയമാനുസൃത പരിശോധന അവസാന മണിക്കൂറില്‍ മാറ്റിവെച്ചതോടെ മെട്രോ റെയില്‍ ആരാധകരുടെ ആവേശം നിരാശയായി മാറി. യാത്രയ്ക്കായി ഇനിയും കാത്തിരിക്കണം.
കെങ്കേരി-ചല്ലഘട്ട പാത പൂര്‍ണമായി പൂര്‍ത്തിയായെങ്കിലും ഈ മാസം പ്രവര്‍ത്തനക്ഷമമാകില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മെട്രോ റെയില്‍ സേഫ്റ്റി (സിഎംആര്‍എസ്) സതേണ്‍ സര്‍ക്കിള്‍ കമ്മീഷണര്‍ക്ക് പരിശോധനയ്ക്കുള്ള തീയതികളൊന്നും നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് മെട്രോ സര്‍വീസ് പ്രതിസന്ധി ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പര്‍പ്പിള്‍ ലൈനിലുള്ള ബൈയപ്പനഹള്ളി-കെആര്‍ പുര സെക് ഷന്റെ നിയമാനുസൃത പരിശോധന സെപ്റ്റംബര്‍ 13ന് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ നടത്തേണ്ടതായിരുന്നു. ബെന്നിഗനഹള്ളിയില്‍ ആരംഭിച്ച് ബൈയപ്പനഹള്ളിയില്‍ സമാപിക്കുന്നതായിരുന്നു പരിശോധന.
വൈറ്റ്ഫീല്‍ഡിന്റെ ടെക് ഹബ്ബിനെ സിബിഡിയുമായും നഗത്തിന്റെ ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്നതില്‍ ഇത് നിര്‍ണായകമാണ്. കെആര്‍ പുര-വൈറ്റ്ഫീല്‍ഡ് ലൈന്‍ പ്രവര്‍ത്തനക്ഷമമാണ്, എന്നാല്‍ മെട്രോ ശൃംഖലയുടെ ബാക്കി ഭാഗങ്ങളില്‍ നിന്ന് അത് വിച്ഛേദിക്കപ്പെട്ടു.
ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ജൂണ്‍ മാസത്തോടെ പാത തുറക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. ബൈയപ്പനഹള്ളി-കെആര്‍.പുര സെക്ഷന്‍ ബുധനാഴ്ച സിഎംആര്‍എസ് പരിശോധിക്കുമെന്ന വാര്‍ത്ത വന്നതോടെ മെട്രോ ആരാധകരുടെ ആവേശത്തിന് അതിരില്ലായിരുന്നു. എന്നാല്‍, പരിശോധന മാറ്റിവച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
അതേസമയം സെപ്റ്റംബര്‍ 21-ന് കെആര്‍ പുരം-ബൈയപ്പനഹള്ളി പാത സിഎംആര്‍എസ് സന്ദര്‍ശിച്ചേക്കുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. കെആര്‍ പുരം-ബൈയപ്പനഹള്ളി ലൈനിനൊപ്പം 1.9 കിലോമീറ്റര്‍ കെങ്കേരി പാതയും തുറക്കുമെന്ന് ബിഎംആര്‍സിഎല്ലിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
നഗരത്തിന്റെ ഈ പടിഞ്ഞാറന്‍ എക്സ്റ്റന്‍ഷന്‍ സ്‌ട്രെച്ചില്‍ എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി മെട്രോ സര്‍വീസിനായി കാത്തിരിക്കുകയായിരുന്നു.
കെആര്‍ പുരം ലൈന്‍ താല്‍ക്കാലികമായി പരിശോധിക്കാന്‍ സിഎംആര്‍എസ് സമ്മതിച്ചെങ്കിലും ഇതുവരെ ഒദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോസ്ഥര്‍ പറയുന്നു. രേഖകള്‍ പരിശോധിച്ച ശേഷം പാലങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് സിഎംആര്‍എസ് അത് റദ്ദാക്കി. ആ രേഖകള്‍ വ്യാഴാഴ്ച അയക്കുമെന്ന് 'മെട്രോ അധികൃതർ പറഞ്ഞു.
''സിഎംആര്‍എസ് സന്ദര്‍ശനത്തിന് ശേഷം, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കണം. സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യാനും കാത്തിരിക്കണം. ഒക്ടോബറില്‍ മാത്രമേ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുള്ളു' മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
