ബെംഗളൂരുവില്‍ ലോക്കല്‍ സര്‍വീസിനായി റെയില്‍പാത വികസിപ്പിക്കും

  • വൃത്താകൃതിയിലുള്ള റെയില്‍ ശൃംഖല വികസിപ്പിക്കാനാണ് പദ്ധതി
  • ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി ശേഷി വികസിപ്പിക്കുക ലക്ഷ്യം

Update: 2023-11-09 10:47 GMT

ബെംഗളൂരുവില്‍ ലോക്കല്‍ ട്രെയിനുകള്‍ക്കായി റെയില്‍പാത വികസിപ്പിക്കുന്നു. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 287 കിലോമീറ്ററില്‍ വൃത്താകൃതിയിലുള്ള റെയില്‍ ശൃംഖല വികസിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിലുള്ള റെയില്‍ ശൃംഖലകളിലെ തിരക്ക് ലഘൂകരിക്കുകയും കൂടുതല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനുമാണ് പദ്ധതി.

ദേവനഹള്ളി, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഹീലാലിഗെ കൂടാതെ വിവിധ വ്യവസായ മേഖലകള്‍ക്കും ദൊഡ്ഡബല്ലാപൂര്‍, ഹൊസ്‌കോട്ട് തുടങ്ങിയ ഉപഗ്രഹ നഗരങ്ങള്‍ക്കും സമീപമുള്ള പ്രധാന സ്ഥലങ്ങളെ റെയില്‍ പാത ബന്ധിപ്പിക്കും.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി ഇരട്ട-ലൈന്‍ സര്‍ക്കുലര്‍ റെയില്‍ ശൃംഖലയ്ക്കായി അന്തിമ ലൊക്കേഷന്‍ സര്‍വേ (എഫ്എല്‍എസ്) നടത്താന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയതായി ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോര്‍ പറഞ്ഞു.

ബെംഗളൂരുവിന്റെ റെയില്‍ ശേഷി വര്‍ധിപ്പിക്കുക, ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി നിലവിലെ റെയില്‍വേ ശൃംഖലയിലെ തിരക്ക് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ നിദ്‌വന്ദ, ദൊഡ്ഡബല്ലാപൂര്‍, ദേവനഹള്ളി, മാലൂര്‍, ഹീലാലിഗെ, സോളൂര്‍ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട ശൃംഖല.

സബര്‍ബന്‍ റെയില്‍ ശൃംഖലയെയും നഗരത്തിലെ മെട്രോ റെയില്‍ സംവിധാനത്തെയും പരസ്ഫര പൂരകമാക്കാവുന്ന ട്രെയിന്‍ സേവനങ്ങള്‍ നിര്‍ദ്ദിഷ്ട ശൃംഖല വാഗ്ദാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

മെമു/ഡെമു ട്രെയിനുകളുടെ പ്രവര്‍ത്തനത്തിലൂടെ ദീര്‍ഘദൂര ട്രെയിനുകളിലെ ലോഡ് കുറയ്ക്കുന്നതിലൂടെ നിലവിലുള്ള റെയില്‍വേ ലൈനുകളിലെ തിരക്ക് ലഘൂകരിക്കാന്‍ ഈ ശൃംഖലയക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ഉപഗ്രഹ നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും. 287 കിലോമീറ്റര്‍ മുഴുവന്‍ പാതയിലും ട്രെയിനുകള്‍ ഇരു ദിശകളിലേക്കും സര്‍വീസ് നടത്തും.

നിലവില്‍, സേലം ലൈനില്‍ നിന്ന് മൈസൂരു ലൈനിലേക്കും തിരിച്ചും പോകുന്ന ട്രെയിനുകള്‍ തിരക്കേറിയ ബയപ്പനഹള്ളി-ബെംഗളൂരു കന്റോണ്‍മെന്റ്-ബെംഗളൂരു സിറ്റി സെക്ഷനിലൂടെ കടന്നുപോകണം. നഗരത്തിനകത്ത് രൂക്ഷമായ തിരക്ക് കാരണം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. നിര്‍ദ്ദിഷ്ട പദ്ധതി ഈ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നു.

Tags:    

Similar News