ബിർളയും, ബജാജു൦ പട്ടികയിൽ തിരിച്ചെത്തി,കൊട്ടക് പുറത്ത്

ഒരു വർഷത്തെ ആസ്തി വളർച്ചയിലെ കയറ്റിറക്കങ്ങളാണ് സ്ഥാനങ്ങൾ നിശ്ചയിക്കുന്നത്.

Update: 2023-10-11 14:00 GMT

360 വണ്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യയിലെ   2023 ലെ അതിസമ്പന്നരുടെ  പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ആദ്യ പത്തിലെ സ്ഥാനം രണ്ട് പേര്‍ നിലനിര്‍ത്തിയപ്പോള്‍ രണ്ട് പേര്‍ക്ക് സ്ഥാനം നഷ്ടമായി.ഒരു വർഷത്തെ ആസ്തി വളർച്ചയിലെ കയറ്റിറക്കങ്ങളാണ് സ്ഥാനങ്ങൾ നിശ്ചയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മുകേഷ് അംബാനിയാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയല്‍ വീണ്ടും ഒന്നാമതായി. 

അദാനിക്കു പുറമേ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ നിന്നും താഴേക്ക് പോയത് ഡിമാര്‍ട്ടിന്റെ രാധാകിഷന്‍ ദമാനിയാണ്. മുന്‍ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു രാധാകിഷന്‍ ദമാനി. ഇത്തവണ എട്ടാം സ്ഥാനത്തും. അദാനിയുടെയും ദമാനിയുടെയും ആസ്തിയില്‍ യഥാക്രമം 57 ശതമാനം, 18 ശതമാനം കുറവാണ് ഉണ്ടായത്..

പട്ടികയിലെ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇത്തവണയും സൈറസ് പൂനവാലയും ശിവ് നാടാരുമാണ്. ഇരുവരുടെയും ആസ്തിയില്‍ യഥാക്രമം 36 ശതമാനം, 23 ശതമാനം വളര്‍ച്ചയുണ്ടായതായി  കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലണ്ടന്‍ ആസ്ഥനാമയുള്ള വ്യവസായി ഗോപിചന്ദ് ഹിന്ദുജ ഏഴാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലിപ് സംഗ് വിയുടെ ആസ്തി 23 ശതമാനം വര്‍ധിച്ചതോടെ പട്ടികയിലെ ഒമ്പതാം സ്ഥാനത്തു നിന്നും ആറാം സ്ഥനത്തേക്ക് ഉയര്‍ന്നു. നേരത്തെ എട്ടാം സ്ഥാനത്തായിരുന്ന ആര്‍സലര്‍ മിത്തലിന്റെ എല്‍എന്‍ മിത്തലിന്റെ സ്ഥാനം ഏഴിലേക്ക് മാറി.

ഒമ്പതും പത്തും സ്ഥാനത്ത് കുമാര്‍ മംഗളം ബിര്‍ള, നിരജ് ബജാജ് എന്നിവരാണ്. തലേ വര്‍ഷം ആദ്യ പത്തില്‍ ഇവർ  ഇടം പിടിച്ചിരുന്നില്ല.  അദാനി ഗ്രൂപ്പില്‍ നിന്നുള്ള വിനോദ് അദാനി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് എന്നിവര്‍ ഇത്തവണ പട്ടികയിലില്ല.

കഴിഞ്ഞ 10 വര്‍ഷമായി പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടുന്നത് മുകേഷ് അംബാനി, എല്‍എന്‍ മിത്തല്‍, ദിലിപ് സംഗ് വി, ശിവ് നാടാര്‍ എന്നിവരാണ്.

സിഎംആര്‍ ടെക്‌നോളജീസിന്റെ ഗൗരി ശങ്കര്‍ അഗര്‍വാളയുടെ ആസ്തി 321 ശതമാനവും രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് ഉടമ മഹാബിര്‍ പ്രസാദ് ജലാന്റെ ആസ്തി 287 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. അപാര്‍ ഇന്‍ഡസ്ട്രീസ് ഉടമകളായ ചൈതന്യ നരേന്ദ്ര ദേശായി, കുശാല്‍ നരേന്ദ്ര ദേശായി എന്നിവരുടെ ആസ്തി 276 ശതമാനം വര്‍ധിച്ചു.

സേവെക്‌സ് ടെക്‌നോളജിയുടെ അനില്‍ ജഗാസിയ, മെദാന്ത മെഡിസിറ്റിയുടെ സുനില്‍ സച്ച്‌ദേവ എന്നിവരുടെ ആസ്തി യഥാക്രമം 256 ശതമാനവും 205 ശതമാനവും വര്‍ധിച്ചു.

അംബാനിയുടെ ആസ്തി 4.28 ലക്ഷം കോടി രൂപയും അദാനിയുടെ ആസ്തി 3.80 ലക്ഷം കോടി രൂപയുമാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്.

Tags:    

Similar News