ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ബ്ലാക്ക്‌സ്‌റ്റോണിന് വില്‍ക്കുന്നു

ബ്ലാക്ക്സ്റ്റോണ്‍ 6,196.51 കോടി നിക്ഷേപിച്ച് 9.99 ശതമാനം ഓഹരികള്‍ വാങ്ങും

Update: 2025-10-24 09:46 GMT

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി ബ്ലാക്ക്സ്റ്റോണ്‍ 6,196.51 കോടി നിക്ഷേപിച്ച് 9.99 ശതമാനം ഓഹരികള്‍ വാങ്ങുമെന്ന് ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു. ബ്ലാക്ക്‌സ്റ്റോണിന്റെ അനുബന്ധ സ്ഥാപനമായ ഏഷ്യ II ടോപ്കോ XIII വഴിയാകും നിക്ഷേപം.

ഇതോടെ, ദിവസങ്ങളായി നിലനില്‍ക്കുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഇടത്തരം ഇന്ത്യന്‍ ബാങ്കുകളില്‍ ഓഹരികള്‍ വാങ്ങുന്ന വിദേശ കമ്പനികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു.

സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി നടത്തുന്ന ഈ നിക്ഷേപത്തിന് കീഴില്‍, കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ വായ്പാദാതാവ് 272.97 ദശലക്ഷം വാറന്റുകള്‍ വരെ ഇഷ്യൂ ചെയ്യും. ഇവ ഓരോന്നും 2രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറാക്കി മാറ്റാം. 225 രൂപ പ്രീമിയവും ചേര്‍ത്ത് ഒരു ഷെയറിന് 227രൂപ വിലയിലാണ് കൈമാറ്റം. വാറന്റ്് പിന്നീട് ഓഹരിയാക്കിമാറ്റുമ്പോള്‍ ബ്ലാക്ക്‌സ്‌റ്റോണിന് ഫെഡറല്‍ബാങ്കില്‍ 9.99% ഓഹരികള്‍ ലഭിക്കും. ഇത് റെഗുലേറ്റര്‍മാരുടെയും ഓഹരി ഉടമകളുടെയും അംഗീകാരത്തിന് വിധേയമായിരിക്കും.

അലോട്ട്‌മെന്റ് തീയതി മുതല്‍ 18 മാസത്തെ കാലാവധിയുള്ള വാറണ്ടുകള്‍ ഒന്നോ അതിലധികമോ തവണകളായി നടപ്പിലാക്കാവുന്നതാണ്. നിക്ഷേപകന്‍ ഇഷ്യു വിലയുടെ 25 ശതമാനം സബ്സ്‌ക്രിപ്ഷന്‍ സമയത്ത് നല്‍കും, ബാക്കി 75 ശതമാനം ഇക്വിറ്റി ഷെയറുകളായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ നല്‍കും.

കാലാവധി അവസാനിക്കുമ്പോള്‍ നടപ്പിലാക്കാത്ത ഏതെങ്കിലും വാറണ്ടുകള്‍ ഉണ്ടെങ്കില്‍ അവ കാലഹരണപ്പെടും, അവയില്‍ അടച്ച തുകയും നഷ്ടപ്പെടും.

വാറന്റികളെല്ലാം ഓഹരിയാക്കിയശേഷം ഡയറക്ടര്‍ബോര്‍ഡില്‍ ഒരു നോണ്‍-എക്‌സിക്യുട്ടീവ് അംഗത്തെ ബ്ലാക്ക്‌സ്‌റ്റോണിന് നാമനിര്‍ദ്ദേശം ചെയ്യാം. ഇതിനുള്ള അനുമതി ബാങ്ക് നല്‍കുകയും ചെയ്യും.

Tags:    

Similar News