എസ്ബിഐ ജാഫ്‌നയിലും, ട്രിങ്കോമാലിയിലും ശാഖകൾ തുറന്നു

  • വടക്കന്‍ ശ്രീലങ്കയിലെ എസ്ബിഐയുടെ രണ്ടാമത്തെ ശാഖയാണിത്
  • പ്രാദേശിക കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഈ സംരംഭം ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്
  • യുഎസ് ഡോളറിനെ ആശ്രയിക്കാതെ ശ്രീലങ്കയുടെ ഇറക്കുമതിക്കാര്‍ക്ക് ഇനി വ്യാപാരം നടത്താനാകും

Update: 2023-11-04 05:26 GMT

ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യകളില്‍ ഉയര്‍ന്നുവരുന്ന ബിസിനസ് സാധ്യതകള്‍ നിറവേറ്റുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേഖലയിലെ രണ്ടാമത്തെ ശാഖ ജാഫ്‌നയില്‍  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ട്രിങ്കോമാലിയില്‍ മറ്റൊരു എസ്ബിഐ ശാഖ ധനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

നേരിട്ട് ലങ്കന്‍ റുപ്പി-ഇന്ത്യന്‍ റുപ്പികളില്‍ വ്യാപാരം വിജയകരമായി ആരംഭിക്കുന്ന ശ്രീലങ്കയിലെ ആദ്യത്തെ വിദേശ ബാങ്കായി എസ്ബിഐ മാറിയെന്ന് ധനമന്ത്രി പറഞ്ഞു.

ഈ സംരംഭം പ്രാദേശിക കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. കൂടാതെ ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് സുപ്രധാന പിന്തുണ നല്‍കുകയും ചെയ്തു. യുഎസ് ഡോളറിനെ ആശ്രയിക്കാതെ ശ്രീലങ്കയുടെ ഇറക്കുമതിക്കാര്‍ക്ക് ഇനി വ്യാപാരം നടത്താനാകുമെന്ന് ധനമന്ത്രാലയം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കായതിനാല്‍, എസ്ബിഐ ശ്രീലങ്ക യോനോ ആപ്പും ഓണ്‍ലൈന്‍ ബാങ്കിംഗും ഉള്‍പ്പെടുന്ന ശക്തമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി പണമടയ്ക്കല്‍ സേവനങ്ങള്‍ ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്.

മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസം സീതാരാമന്‍ ജാഫ്ന കള്‍ച്ചറല്‍ സെന്ററും ജാഫ്ന പബ്ലിക് ലൈബ്രറിയും സന്ദര്‍ശിക്കുകയും ചെയ്തു. 2015 മാര്‍ച്ചില്‍ ജാഫ്ന കള്‍ച്ചറല്‍ സെന്റര്‍ കെട്ടിടത്തിന്റെ തറക്കല്ലിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജാഫ്നയിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ കലകളെ പരിപോഷിപ്പിക്കുന്നതിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അത്യാധുനിക സൗകര്യമായ ജാഫ്‌നാ കള്‍ച്ചറല്‍ സെന്റര്‍, 11 ദശലക്ഷം യുഎസ് ഡോളറിന്റെ ഇന്ത്യന്‍ ഗ്രാന്റ് സഹായത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Tags:    

Similar News