മത്സരങ്ങള്‍ നിരവധി, കൈനിറയെ സമ്മാനം, തട്ടിപ്പിന്റെ പുതിയ മുഖം

  • സമ്മാനമായും നിസാര വിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കുമെന്ന വ്യാജേനയാണ് ഇവ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്

Update: 2023-04-18 10:30 GMT

ചെറിയ പോറലുകളേറ്റ പുതു പുത്തന്‍ മോഡല്‍ കാറുകള്‍, പോറലുകള്‍ മൂലം വിറ്റഴിക്കാത്ത എല്‍സിഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, സോഫകള്‍ തുടങ്ങിയ ഓഫറുകളുമായി ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സമ്മാനമായും നിസാര വിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കുമെന്ന വ്യാജേനയാണ് ഇവ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്.

ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാന്‍സ് അല്ലെങ്കില്‍ ക്ലബ് എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. ഓണ്‍ലൈന്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇത്തരം ഓഫറുകള്‍ വരുന്നത്. ഈ തട്ടിപ്പുകള്‍ സൂക്ഷിക്കണമെന്ന മുന്നറയിപ്പാണ് കേരളാ പൊലീസ് നല്‍കുന്നത്.

ദിവസേന നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തിരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം വിതരണം ചെയ്യുന്നതിനായി പണം നല്‍കാന്‍ ഇ-മെയില്‍, ജനനത്തിയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ മുന്‍പ് സമ്മാനം നേടിയവരുടേതെന്ന പേരില്‍ വ്യാജ ഫോട്ടോകളും നല്‍കുന്നു.


Full View


അതിനാല്‍ ഓണ്‍ലൈനുകളിലും മറ്റുമായി ഓഫറുകളുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളില്‍ തല വച്ചുകൊടുക്കരുതെന്ന് കേരള പൊലീസ് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്.

Tags:    

Similar News