ശ്രദ്ധിക്കുക; സൈബര്‍ തട്ടിപ്പിനായി ഇന്ത്യാക്കാരെ ആവശ്യമുണ്ട് !!! കുടുങ്ങരുത്

  • ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍
  • 250 ഇന്ത്യാക്കാരെ രക്ഷപെടുത്തി
  • ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുപിന്നില്‍ ചൈന

Update: 2024-04-01 05:34 GMT

തൊഴില്‍ അന്വേഷിച്ച് കമ്പോഡിയക്ക് പോകാന്‍ പ്ലാനിടുന്നുണ്ടോ? അതിനായി ഏജന്റുമാരെ സമീപിച്ചിട്ടുണ്ടോ? എങ്കില്‍ വിശദവിവരങ്ങള്‍ ശേഖരിച്ചതിനുമാത്രം അതിനു തയ്യാറാവുക. കാരണം കമ്പോഡിയയില്‍നിന്നും ഇന്ത്യാക്കാരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം വര്‍ധിക്കുന്നു. ഏറെ വിചിത്രമായകാര്യം ഇന്ത്യാക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകള്‍ക്കായി ഗുഢ സംഘം നിയോഗിക്കുന്നത് ഇന്ത്യാക്കാരെത്തന്നെയാണ് എന്നതാണ്. ഇങ്ങനെ തൊഴില്‍ ഉറപ്പിച്ച് ആ രാജ്യത്ത് എത്തിപ്പെട്ടവര്‍ നിരവധിപേര്‍ ഇന്ന് ഈ സംഘങ്ങളുടെ പിടിയിലും തടവിലുമാണ്.

ഏകദേശം 5000 ഇന്ത്യാക്കാര്‍ ആ രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഈ സംഘം 500 കോടിരൂപ തട്ടിയെടുത്തതായാണ് ഏകദേശ വിവരം. ഇതെല്ലാം നിയന്ത്രിക്കുന്നത് ചൈനാക്കാരുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ഇരു രാജ്യങ്ങളിലും സൈബര്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു.

കംബോഡിയയിലെ ഇന്ത്യന്‍ എംബസി പരാതികളോട് പ്രതികരിക്കുന്നുണ്ടെന്നും ഇതുവരെ 250 ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി സ്വദേശത്തേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഇതി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കംബോഡിയയിലേക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ആള്‍ക്കാരെ എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ എത്തിയാല്‍ അവരെ തടവിനു തുല്യമായ രീതിയില്‍ പാര്‍പ്പിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്താന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍, ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകളെ ഏജന്റുമാര്‍ കുടുക്കുകയും ഡാറ്റാ എന്‍ട്രി ജോലികള്‍ക്കായി കംബോഡിയയിലേക്ക് അയയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

കമ്പോഡിയയില്‍ രക്ഷപെടുത്തിയവര്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമുള്ളവരാണ്. ചിലര്‍ ഐടിഐ ബിരുദവും ചില കമ്പ്യൂട്ടര്‍ കോഴ്‌സുകളും ചെയ്തവരാണ്. എജന്റുമാര്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ തെരഞ്ഞെടുക്കുന്ന സംഘത്തെ ആ രാജ്യത്തേക്ക് അയക്കുന്നു. അവിടെ അവര്‍ ഒരു ഓഫീസില്‍ എത്തിച്ച് അഭിമുഖം നടത്തിയതായും ടൈപ്പിംഗ് വേഗത പരിശോധിച്ചതായും രക്ഷപെട്ട് എത്തിയവര്‍ പറയുന്നു.

ആള്‍ക്കാരെ നിയന്ത്രിച്ചിരുന്നത് ഒരു ചൈനാക്കാരനായിരുന്നു. ഒരു മലേഷ്യക്കാരനാണ് വിവര്‍ത്തകനായി പ്രവര്‍ത്തിച്ചത്. ഫെയ്സ്ബുക്കില്‍ പ്രൊഫൈലുകള്‍ തിരയുന്നതും തട്ടിപ്പിനിരയാകാന്‍ സാധ്യതയുള്ളവരെ തിരിച്ചറിയുന്നതും മറ്റുമായിരുന്നു ജോലിയെന്ന് പിന്നീടാണ് കമ്പോഡിയയില്‍ കുടുങ്ങിയവര്‍ക്ക് മനസിലായത്.

ഇരകളെ കബളിപ്പിക്കാന്‍ ഡേറ്റിംഗ് ആപ്പുകളില്‍ സ്ത്രീകളെന്ന വ്യാജേന സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ ജോലിചെയ്യുന്നവര്‍ നിര്‍ബന്ധിതരായി. അവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനുണ്ടെന്നും അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ജോലിചെയ്യുന്നവര്‍ക്ക് ഭക്ഷണം നല്‍കില്ലെന്നും മുറികളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും തിരിച്ചെത്തിയവര്‍ വിശദീകരിച്ചു. മാസങ്ങള്‍ക്കുശേഷമാണ് ജോലിചെയ്യുന്നവരില്‍ പലര്‍ക്കും വീടുകളിലേക്ക് ബന്ധപ്പെടാനായത്. അവര്‍ പ്രാദേശിക രാഷ്ട്രീയക്കാരോട് സംസാരിക്കുകയും അതുവഴി എംബസിയിലേക്ക് വിവരങ്ങള്‍ എത്തുകയുമായിരുന്നു.

ഇവര്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ഇത്രയും താമസിച്ചത് എന്തുകൊണ്ടാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അവരുടെ പാസ്‌പോര്‍ട്ടുകള്‍ സംഘം കൈവശപ്പെടുത്തിയതായിരുന്നു പ്രധാനകാരണം. അവരെ ദിവസത്തില്‍ കുറഞ്ഞത് 12 മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കുമായിരുന്നു. ആരെങ്കിലും ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍, അവര്‍ ശാരീരിക ആക്രമണങ്ങള്‍, വൈദ്യുതാഘാതം, ഏകാന്ത തടവ് മുതലായവയ്ക്ക് വിധേയരാകേണ്ടിയും വന്നു. ഇത്തരം തട്ടിപ്പുകളില്‍ ഏര്‍പ്പെടാന്‍ തയ്യാറല്ലാത്ത നിരവധി ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ അവരെ തിരിച്ചറിയാനും അവരുമായി ബന്ധപ്പെടാനും ശരിയായ മാര്‍ഗങ്ങളിലൂടെ അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും ശ്രമിക്കുന്നു.

ക്രിപ്റ്റോകറന്‍സി ട്രേഡിംഗും വ്യാജ സ്റ്റോക്ക് നിക്ഷേപവും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമപാലകരെന്ന വ്യാജേന ഇരകളില്‍ നിന്ന് പണം തട്ടുന്ന തട്ടിപ്പ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 67 ലക്ഷത്തിലധികം രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പുറത്തായത്.

കേസില്‍ ഇതുവരെ എട്ടുപേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റുചെയ്തതായും 16 പേര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായും റൂര്‍ക്കേല പോലീസ് പറയുന്നു.തട്ടിപ്പ് കമ്പനികളുടെ സ്ഥാനം, അവരുടെ പ്രവര്‍ത്തകര്‍, അവരുടെ പ്രവര്‍ത്തന ശൈലി, അവരുടെ മാനേജ്‌മെന്റ് ശ്രേണി എന്നിവയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജരായ മൂന്ന് പ്രധാന ഉന്നതതല പ്രവര്‍ത്തകരെയും നേപ്പാള്‍ വംശജനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തട്ടിപ്പിലെ പ്രധാനികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്ന കാര്യവും പരിഗണനയിലാണ്.

Tags:    

Similar News