പുതിയ ഭക്ഷ്യ സുരക്ഷാബില്ലിന് കേന്ദ്രം; 'മധുരം' കര്‍ശന നിരീക്ഷണത്തില്‍

  • 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടില്‍ വിപുലമായ ഭേദഗതി കൊണ്ടുവരും
  • ദീപാവലി സീസണ്‍ കണക്കിലെടുത്ത് മധുരപലഹാരങ്ങള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിരീക്ഷണം ശക്തമാക്കും

Update: 2023-11-01 10:38 GMT

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 നവീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഭേദഗതികള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

പുതിയ ഭക്ഷ്യസുരക്ഷാ ബില്‍ ഉടന്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറിയും എഫ്എസ്എസ്എഐ ചെയര്‍പേഴ്സണുമായ സുധാന്‍ഷു പന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഈ ബില്‍ 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടില്‍ വിപുലമായ ഭേദഗതികള്‍ കൊണ്ടുവരും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനാണ് ഇതെന്നാണ് സൂചന.

ഈറ്റ് റൈറ്റ് ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ അന്ന എന്നറിയപ്പെടുന്ന 15 ഇനം മില്ലറ്റുകള്‍ക്ക് എഫ്എസ്എസ്എഐ സമഗ്രമായ ഒരു മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ടെന്ന് പന്ത് പറഞ്ഞു. മതിയായ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിലവിലുണ്ട്, ഇത് തിനകളുടെ ഉപഭോഗം വര്‍ധിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മില്ലറ്റുകള്‍ ജനകീയമാക്കുന്നതിന് എഫ്എസ്എസ്എഐ വിവിധ സംരംഭങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പന്ത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റി പ്രതിരോധ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു, മറ്റ് മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും സമാനമായ ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, രാജ്യത്തുടനീളം പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ദേശീയ സര്‍വേ നടത്തുന്നുണ്ടെന്ന് എഫ്എസ്എസ്എഐ സിഇഒ ജി കമല വര്‍ധന റാവു പറഞ്ഞു. സര്‍വേയില്‍ പതിനായിരത്തോളം സാമ്പിളുകള്‍ ശേഖരിക്കുമെന്നും അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ദീപാവലി സീസണ്‍ കണക്കിലെടുത്ത് മധുരപലഹാരങ്ങള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ നിരീക്ഷണം ശക്തമാക്കാന്‍ എഫ്എസ്എസ്എഐ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

''സാധാരണയായി, ദീപാവലി ആഘോഷങ്ങളില്‍ മധുരപലഹാരങ്ങളുടെ ഉപഭോഗം കൂടും. മധുരപലഹാരങ്ങളുടെയും പാലുല്‍പ്പന്നങ്ങളുടെയും നിരീക്ഷണം ശക്തമാക്കാന്‍  സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ''അദ്ദേഹം  പറഞ്ഞു.

വര്‍ഷം മുഴുവനും ഉല്‍പ്പന്നങ്ങളുടെ നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഒരു ലക്ഷം സാമ്പിളുകള്‍ വരെ നിരീക്ഷണം വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷത്തോടെ 7 ലക്ഷത്തോളം സാമ്പിളുകള്‍ നിരീക്ഷണത്തിനായി ശേഖരിക്കുമെന്ന് ഉറപ്പാക്കുമെന്ന് റാവു പറഞ്ഞു.

Tags:    

Similar News