അനധികൃത വായ്പാ ആപ്പുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം
- പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഉള്ള അനധികൃത ആപ്പുകള്‍ ഒഴിവാക്കണം
- നിരവധി ആപ്പുകള്‍ കേന്ദ്ര നിരീക്ഷണത്തില്‍
അനധികൃത വായ്പാ ആപ്പുകള്‍ മൂലം തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ഇത്തരം ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
രണ്ട് സ്റ്റോറുകളിലും അനുവദനീയമായ ലോണ്‍ ആപ്പുകള്‍ മാത്രം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
''ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഇത്തരത്തിലുള്ള ഒരു സെറ്റ് ആപ്ലിക്കേഷനുകള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നു. സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളോ നിയമവിരുദ്ധമായ ആപ്ലിക്കേഷനുകളോ നല്‍കരുതെന്ന് ഞങ്ങള്‍ ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടിട്ടുണ്ട്' രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഈ രണ്ട് സ്റ്റോറുകളിലും അനുവദനീയമായ വായ്പാ അപേക്ഷകള്‍ മാത്രം അനുവദിക്കുക' എന്നതിന് മാനദണ്ഡങ്ങള്‍ ഉണ്ടാക്കാനും പദ്ധതിയുണ്ടെന്ന് അനധികൃത ലോണ്‍ ആപ്ലിക്കേഷനുകള്‍ വഴി കൊള്ളയടിക്കുന്ന കേസുകളില്‍ ഗവണ്‍മെന്റിന്റെ നിലപാട് ആവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞു.
