സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുകയാണ്. ഒപ്പം ചിരട്ടയുടെ വിലയും. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ചിരട്ട കയറ്റി അയക്കുന്നത് തമിഴ്നാട്ടിലേക്കാണ്. ഇപ്പോൾ ഒരു കിലോ ചിരട്ട 31 രൂപക്കാണ് ശേഖരിക്കുന്നത്. തേങ്ങവിലയിൽ ഉണ്ടായ കുതിപ്പും ചാഞ്ചാട്ടവുമാണ് ചിരട്ടയുടെ വില വർദ്ധനവിന് പിന്നിലെ പ്രധാന കാരണം. തേങ്ങയ്ക്ക് വില കൂടിയതോടെ പലരും പച്ചതേങ്ങ പൊതിച്ച് വിൽക്കാൻ തുടങ്ങി. ഇതോടെ ചിരട്ടയുടെ ലഭ്യത ഗണ്യമായി കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്തു.
പാലക്കാട്ടുനിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് നിലവിൽ ചിരട്ട സംഭരിച്ച് കൊണ്ടു പോകുന്നത്. സൗന്ദര്യവർദ്ധിത ഉത്പന്നങ്ങളിലും പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കാനുമാണ് ചിരട്ടക്കരി പ്രധാനമായും ഉപയോഗിക്കുന്നത്. കൗതുക വസ്തുക്കളും കരകൗശല വസ്തുക്കളും നിർമ്മിക്കുന്നവർക്കും ചിരട്ട ഏറെ പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ്. ആവശ്യത്തിന് അനുസരിച്ച് ചിരട്ട ഇനി കരകൗശലക്കാർക്കും കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇത് ചിരട്ട ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാനും സാധ്യതയുണ്ട്.
