അദാനി പോര്‍ട്ട്‌സിന്റെ അറ്റാദായം 29 ശതമാനം ഉയര്‍ന്നു
ലോജിസ്റ്റിക്സ്, മറൈന്‍ തുടങ്ങിയവയിലെ മികച്ച വളര്‍ച്ച കമ്പനിയെ സഹായിച്ചു
അദാനി പോര്‍ട്ട്സിന്റെ രണ്ടാം പാദ അറ്റാദായം 29 ശതമാനം ഉയര്‍ന്ന് 3,120 കോടി രൂപയായി. ലോജിസ്റ്റിക്സ്, മറൈന്‍, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ ശക്തമായ വളര്‍ച്ചയാണ് ഇതിനു കാരണമായത്. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ അറ്റാദായം 2,413 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
2025-26 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം വരുമാനം 10,004.06 കോടി രൂപയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 7,372.37 കോടി രൂപയായിരുന്നു.
അവലോകന കാലയളവിലെ മൊത്തം ചെലവുകള്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 4,433 കോടി രൂപയായിരുന്നത് 6,103.59 കോടി രൂപയായി വര്‍ദ്ധിച്ചു.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ EBITDA (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധിച്ച് 5,550 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4,369 കോടി രൂപയായിരുന്നുവെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈയില്‍ മുന്ദ്ര തുറമുഖം 898 ഡബിള്‍-സ്റ്റാക്ക്ഡ് കണ്ടെയ്‌നര്‍ റേക്കുകള്‍ കൈകാര്യം ചെയ്തുവെന്നും 46,000 TEU (ഇരുപത് അടി തത്തുല്യം) നീക്കിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സെപ്റ്റംബറില്‍ 40 മണിക്കൂറിനുള്ളില്‍ 5,612 കാറുകള്‍ ഒരു കപ്പലില്‍ കയറ്റി.
2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഒമ്പത് പുതിയ മറൈന്‍ കപ്പലുകള്‍ സ്വന്തമാക്കിയതായും ഇതോടെ മൊത്തം കപ്പലുകളുടെ എണ്ണം 127 ആയി ഉയര്‍ന്നു. കൂടാതെ മറൈന്‍ ഓപ്പറേഷന്‍സ് സ്ട്രാറ്റജിക് കമാന്‍ഡ് സെന്റര്‍ ഉദ്ഘാടനം ചെയ്തതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ആഗോളതലത്തില്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഭാഗമാണ് എപിഎസ്ഇസെഡ്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വികസന കമ്പനിയും ഓപ്പറേറ്ററുമാണ് ഇത്, പടിഞ്ഞാറന്‍ തീരത്ത് ഏഴ് തന്ത്രപരമായി സ്ഥിതിചെയ്യുന്ന തുറമുഖങ്ങളും ടെര്‍മിനലുകളും കിഴക്കന്‍ തീരത്ത് എട്ട് തുറമുഖങ്ങളും കമ്പനിക്കുണ്ട്.
