കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.1% ആയി കുറഞ്ഞു
- വ്യാപാരകമ്മി കുറഞ്ഞതാണ് കറന്റ് അക്കൗണ്ട് കമ്മി കുറച്ചത്.
- വിദേശകടത്തില്‍ 470 കോടി ഡോളറിന്റ് വര്‍ധന
- നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴിക്കിനും കുറവുവന്നിട്ടുണ്ട്
നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ( ഏപ്രില്‍- ജൂണ്‍) രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 920 കോടി ഡോളറിലേക്കു കുറഞ്ഞു. മുന്‍വര്‍ഷമിതേ കാലയളവിലിത് 1790 കോടി ഡോളറായിരുന്നു.
ജിഡിപിയുടെ 2.1 ശതമാനത്തില്‍നിന്ന് 1.1 ശതമാനത്തിലേക്ക് കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞിട്ടുണ്ട്.
വ്യാപാരകമ്മി കുറഞ്ഞതാണ് കറന്റ് അക്കൗണ്ട് കമ്മി കുറച്ചത്. വ്യാപാരകമ്മി മുന്‍വര്‍ഷം ആദ്യ ക്വാര്‍ട്ടറിലെ 6300 കോടി ഡോളറില്‍നിന്ന് 5660 കോടി ഡോളറായി കുറഞ്ഞു. ക്രൂഡോയില്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വില താഴ്ന്നു നിന്നതാണ് വ്യാപാരകമ്മി കുറയ്ക്കുവാന്‍ കാരണമായത്. എന്നാല്‍ ഇപ്പോള്‍ ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിലേക്ക് ഉയരുന്നത് വ്യാപാരകമ്മിയുടെ താളം തെറ്റിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
മാത്രവുമല്ല, നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴിക്കിനും കുറവുവന്നിട്ടുണ്ട്. എഫ്ഡിഐ മുന്‍വര്‍ഷമിതേ കാലയളവിലെ 1340 കോടി ഡോളറില്‍നിന്ന് 540 കോടി ഡോളറിലേക്ക് താഴ്ന്നു.
വിദേശത്തുനിന്നുള്ള രാജ്യത്തിന്റെ വാണിജ്യ കടമെടുപ്പ് മുന്‍വര്‍ഷമിതേ കാലയളവിലെ 290 കോടി ഡോളറില്‍നിന്ന് 560 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്. വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ച തുക മുന്‍വര്‍ഷമിതേ കാലയളവിലെ 30 കോടി ഡോളറില്‍നിന്ന് 220 ഡോളറായി കുതിച്ചുയര്‍ന്നിട്ടുണ്ട്.
വിദേശകടത്തില്‍ 470 കോടി ഡോളറിന്റ് വര്‍ധന
2013 ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ രാജ്യത്തിന്റെ മൊത്തം വിദേശ കടം 62910 കോടി ഡോളറിലെത്തി. കഴിഞ്ഞ നാലു ക്വാര്‍ട്ടറുകളിലായി വിദേശകടത്തിന്റെ അളവില്‍1630 കോടി ഡോളറിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്.
എന്നാല്‍ ജിഡിപിയുടെ 18.6 ശതമാനമാണ് വിദേശക്കടം. ഇത് മാര്‍ച്ചിലെ 18.6 ശതമാനത്തേക്കാളും 2022 ജൂണിലെ 19.4 ശതമാനത്തേക്കാളും കുറവാണ്. വിദേശകടത്തിന്റെ 54.4 ശതമാനവും ഡോളറിലുള്ള കടമാണ്.
