ഓഹരികള്‍ ശുപാര്‍ശ ചെയ്യുന്ന വ്യാജ വീഡിയോ വൈറല്‍, ജാഗ്രത വേണമെന്ന് എന്‍എസ്ഇ
- വ്യാജമോ, എഐ വഴി സൃഷ്ടിച്ചതോ ആയ വീഡിയോകളെ നിക്ഷേപകര്‍ വിശ്വസിക്കരുതെന്ന് എന്‍എസ്ഇ നിര്‍ദ്ദേശം
- നിക്ഷേപകരോട് ജാഗ്രത പുലര്‍ത്താനും പരിശോധിച്ച് ഉറപ്പാക്കിയ വിവരങ്ങളെ മാത്രം ആശ്രയിക്കാനും എന്‍എസ്ഇ ആവശ്യപ്പെട്ടു
- എന്‍എസ്ഇയുടെ എല്ലാ ഔദ്യോഗിക പ്രഖ്യാപനങ്ങളും വെബ്‌സൈറ്റായ www.nseindia.com വഴി മാത്രമാണ് നടത്തുന്നത്
എന്‍എസ്ഇയുടെ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ ഓഹരികള്‍ ശുപാര്‍ശ ചെയ്യുന്ന വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്കു മുന്നറിയിപ്പുമായി എന്‍എസ്ഇ അധികൃതര്‍ രംഗത്ത്.
വ്യാജമോ, എഐ വഴി സൃഷ്ടിച്ചതോ ആയ വീഡിയോകളെ നിക്ഷേപകര്‍ വിശ്വസിക്കരുതെന്ന് എന്‍എസ്ഇ ഔദ്യോഗിക പ്രസ്താവനയിലൂടെ നിര്‍ദ്ദേശം നല്‍കി. നിക്ഷേപകരോട് ജാഗ്രത പുലര്‍ത്താനും പരിശോധിച്ച് ഉറപ്പാക്കിയ വിവരങ്ങളെ മാത്രം ആശ്രയിക്കാനും എന്‍എസ്ഇ ആവശ്യപ്പെട്ടു.
' എന്‍എസ്ഇയുടെ ജീവനക്കാര്‍ക്ക് ഏതെങ്കിലും സ്‌റ്റോക്കുകള്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്ന് ' എന്‍എസ്ഇ പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു.
ഇപ്പോള്‍ എന്‍എസ്ഇ സിഇഒയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോ സാധ്യമാകുന്നിടത്തു നിന്ന് നീക്കം ചെയ്യാന്‍ എന്‍എസ്ഇ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോട് അഭ്യര്‍ത്ഥിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
എന്‍എസ്ഇയുടെ എല്ലാ ഔദ്യോഗിക പ്രഖ്യാപനങ്ങളും വെബ്‌സൈറ്റായ www.nseindia.com വഴി മാത്രമാണ് നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.
