ജാമ്യത്തില്‍ ഇന്ന് ഉത്തരവില്ല; ജാമ്യം ലഭിച്ചാലും കെജരിവാളിന് ചുമതല വഹിക്കാനാവില്ല
കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം ഇന്നില്ല.
കെജരിവാളിന്റെ ഹര്‍ജിയിലെ ഇന്നത്തെ വാദം പൂർത്തിയായി. ഉത്തരവ് ഇന്നുണ്ടാകില്ലെന്നും മറ്റന്നാൾ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്നും വാദത്തിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ രാവിലെ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതു വരെയുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടു.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള അന്വേഷണ പുരോഗതിയുടെ വിവരങ്ങള്‍ അറിയിക്കാനും കോടതി ഇഡിക്കു നിര്‍ദേശം നല്‍കി.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21നാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. അതിനിടെ വിചാരണക്കോടതി കെജരിവാളിന്‍റെ കസ്റ്റഡി കാലാവധി 20 വരെ നീട്ടി.
