ഡെല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് ചില സ്‌കൂളുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു.എല്ലാ തണുപ്പ് കാലത്തും ഡല്‍ഹി ഈ ദുരിതം നേരിടാറുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പൊടി, വാഹനങ്ങളില്‍ നിന്നുള്ള പുക, അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ തീയിടുമ്പോഴുണ്ടാകുന്ന പുക എന്നിവയെല്ലാം ചേര്‍ന്ന് കനത്ത വായുവാണ് ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ നിറയുന്നത്. ഇത് നഗരത്തിലെ 20 ദശലക്ഷം ആളുകള്‍ക്കിടയിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പെരുകാന്‍ കാരണമാകുന്നത്.
ഇന്നലെ നഗരത്തിലെ ചില നിരീക്ഷണ കേന്ദ്രങ്ങളില്‍ വായു മലിനീകരണ തോത് സ്‌കെയില്‍ 480 എത്തിയിരുന്നു. പ്രദേശവാസികള്‍ ചാര നിറത്തിലുള്ള വായു ശ്വസിച്ചതോടെ കണ്ണുകളില്‍ അസ്വസ്ഥതയും തൊണ്ടയില്‍ ചൊറിച്ചിലും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു.
വായുവിന്റെ ഗുണ നിലവാര സൂചികയില്‍ (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് -എക്യുഐ) പൂജ്യം മുതല്‍ 50 വരെയാണ് എക്യുഐ എങ്കില്‍ അത് നല്ല വായുവാണ്. എന്നാല്‍, 400-500 ഈ നിലയ്ക്കാണെങ്കില്‍ ഇത് ആരോഗ്യമുള്ളവരെയടക്കം രോഗികളാക്കും വിധത്തില്‍ മലിനമായ വായുവാണ്.
ലോക നഗരങ്ങളിലെ വായുവിന്റെ ഗുണമേന്‍മ സമാഹരിക്കുന്ന സ്വിസ് ഗ്രൂപ്പ് ഐക്യുഎയറിന്റെ പട്ടികയില്‍ ഡെല്‍ഹിയാണ് ഒന്നാമത്. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 611 ആണ്. ഇത് അപകടകരമായ വിഭാഗത്തിലാണ് വരുന്നത്. പ്രതികൂലമായ കാലാവസ്ഥാ സാഹചര്യങ്ങള്‍, കാര്‍ഷിക തീപിടിത്ത സംഭവങ്ങളിലെ വര്‍ധന. മലിന വായുവിനെ ഡല്‍ഹിയിലേക്ക് എത്തിക്കുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് എന്നിവയാണ് പെട്ടെന്നുള്ള മലിനീകരണ വര്‍ധനയ്ക്ക് പ്രധാന കാരണമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. പ്രൈമറി സ്‌കൂളുകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. അതോടൊപ്പം മേഖലയിലെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
എയര്‍ പ്യൂരിഫയറുകളുടെ ആവശ്യം വര്‍ധിച്ചതോടെ അവയ്ക്ക് ക്ഷാമം നേരിടുണ്ടെന്ന് കമ്പനികളും വ്യക്തമാക്കുന്നു.ക്രിക്കറ്റ് ലോകകപ്പിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഉയരുന്നവായു മലിനീകരണം ലോകകപ്പിനു മേലും നിഴല്‍ വീഴ്ത്തുന്നുണ്ട്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഡല്‍ഹിയിലെ അടുത്ത മത്സരം തിങ്കളാഴ്ച്ച ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ്. ഐക്യുഎയറിന്റെ പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം ഉത്തരേന്ത്യയിലെ ഭിവാഡിയായിരുന്നു ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരവും ലോകത്തിലെ മൂന്നാമത്തെ നഗരവും. ഡല്‍ഹി നാലാമതായിരുന്നു. പാക്കിഥാനിലെ ലാഹോര്‍, ചൈനയിലെ ഹോത്താന്‍ എന്നിവയായിരുന്നു പട്ടികയില്‍ മുന്നില്‍.
