ഉറക്കമില്ലാതെ എം.വി.ഡി; യാത്ര തുടർന്ന് റോബിൻ, ഇന്നും പിഴയിട്ടു
ഇന്ന് വെളുപ്പിന് 2 മണിക്കാണ് മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ഈടാക്കിയത്.
റോബിൻ മോട്ടോഴ്‌സിന് വീണ്ടും പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടക്കുള്ള മടക്ക യാത്രയിൽ ഇന്ന് വെളുപ്പിന് 2 മണിക്കാണ് പത്തനംതിട്ട മൈലപ്രയിൽ വെച്ച് വൻ പോലീസ് സന്നാഹത്തിൽ മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞു 7500 രൂപ പിഴ ഈടാക്കിയത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും പിഴ ഈടാക്കിയിരുന്നത്. മോട്ടർ വാഹന വകുപ്പിന്റെ തടസ്സങ്ങളില്ലാതെയാണ് ഇന്നലെ റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് നടത്തിയത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂർ–പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഉടമ ഗിരീഷ് പറഞ്ഞു.
തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചത്. മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടി നൽകിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സഹാചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, ഇന്നും മോട്ടോർ വാഹന വകുപ്പ് പിഴ നൽകിയെങ്കിലും പത്തനംതിട്ട-കോയമ്പത്തൂർ യാത്ര തുടരുകയാണ് റോബിൻ ബസ്.
