ആശ്രിത നിയമനം; 13 വയസ്സ് തികയണമെന്ന സർക്കാർ നിർദേശത്തെ എതിർത്ത് സർവ്വീസ് സംഘടനകൾ
- ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം
- 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി
- 17 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശുപാര്‍ശ
ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍.
ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം. 13 വയസ്സിന് താഴെയെങ്കില്‍ സമാശ്വാസ ധനം മതി. ഇത്തരം വ്യവസ്ഥകള്‍ വച്ച് ആശ്രിത നിയമനങ്ങള്‍ പുനപരിശോധിക്കാനുള്ള കരട് നിര്‍ദ്ദേശത്തിലെ പ്രായപരിധി ഇടത് വലത് സംഘടനകള്‍ എതിര്‍ത്തു. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിര്‍ദ്ദേശവും സംഘടനാ പ്രതിനിധികള്‍ മുന്നോട്ട് വച്ചു.
ഉദ്യോഗസ്ഥരുടെ തസ്തികയും സര്‍വ്വീസും കണക്കിലെടുത്ത് 17 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശുപാര്‍ശ. കോടതി നടപടികളില്‍ കുരുക്കി ആശ്രിത നിയമനം ഇല്ലാതാക്കരുതെന്നും അനിവാര്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തിയും പദ്ധതി സംരക്ഷിക്കണെമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിലപാടെടുത്തു.
2023 ജനുവരി 10നു കരട് ഉത്തരവ് ഇറക്കിയിരുന്നു. ജീവനക്കാരന്‍ മരിച്ച് ഒരു വര്‍ഷത്തിനകം ആശ്രിതര്‍ നിയമനം നേടിയിരിക്കണമെന്നും അല്ലെങ്കില്‍ ധനസഹായമായി 10 ലക്ഷം സ്വീകരിക്കണമെന്നുമാണ് അന്നത്തെ ഉത്തരവില്‍ ഉണ്ടായിരുന്നത്. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നു കരട് ഉത്തരവ് പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ കരട് അനുസരിച്ചു ജീവനക്കാരന്‍ മരിക്കുന്ന സമയത്ത് അര്‍ഹരായ ആശ്രിതര്‍ക്കു 13 വയസ്സു കഴിഞ്ഞിരിക്കണം. ഈ പ്രായത്തിനു താഴെയാണെങ്കില്‍ സമാശ്വാസ ധനസഹായം നല്‍കും.
ആശ്രിത നിയമനത്തിന് അര്‍ഹത ഉണ്ടെങ്കിലും അതു സ്വീകരിക്കാത്തവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. ആശ്രിത നിയമനത്തിനും ധനസഹായത്തിനും കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെ ആയിരിക്കണം. ധനസഹായമായി എത്ര തുക നല്‍കുമെന്നു പിന്നീടു തീരുമാനിക്കുമെന്നാണ് കരട് പറയുന്നത്.
കരട് ഉത്തരവിലെ മറ്റു വ്യവസ്ഥകള്‍
1. മരണമടഞ്ഞ ജീവനക്കാരന്‍ അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിക്ക് ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കണം.
2. ന്യൂനതകള്‍ പരിഹരിച്ചു 15 ദിവസത്തിനകം അപേക്ഷ സര്‍ക്കാരിനു നല്‍കണം.
3. ക്ലാസ് 3, 4, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തികകള്‍ ഉള്‍പ്പെടെയുള്ള എന്‍ട്രി കേഡറുകളിലായിരിക്കും ആശ്രിത നിയമനം.
4. യൂണിഫോം തസ്തികകളില്‍ വര്‍ഷം 10% ആശ്രിത നിയമനത്തിനു നീക്കി വയ്ക്കും.
5. ആശ്രിതര്‍ക്കു പരമാവധി 5 തസ്തികകള്‍ വരെ തിരഞ്ഞെടുക്കാം.
6. ഊഴത്തിന് അനുസരിച്ചു ലഭിക്കുന്ന തസ്തികയില്‍ ആശ്രേതര്‍ നിയമനം സ്വീകരിക്കണം.
7. ഓരോ പത്താമത്തെ ഊഴവും 50 വയസ്സു കഴിഞ്ഞ ആശ്രിതര്‍ക്കു മാറ്റി വയ്ക്കും
