വികസനവും നിർമിതിയും നഗരത്തിനു പുറത്തേക്കു നീങ്ങണം; ക്രെഡായ്

  • കൊച്ചിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വന്ന ക്രെഡായ് കേരള സമ്മേളനം സമാപിച്ചു
  • വൻകിട കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചർച്ച ചെയ്തു.
  • എട്ടു സെഷനുകളിലായി മുപ്പതോളം വിദഗ്ദ്ധർ വിവിധ മേഖലകളെ കുറിച്ച് സംസാരിച്ചു.

Update: 2023-11-03 11:11 GMT

കൊച്ചി: നിർമാണ മേഖലയുമായി ബന്ധപെട്ട് വർധിച്ച് വരുന്ന ആവശ്യങ്ങള് നിറവേറ്റാൻ അടിസ്‌ഥാന സൗകര്യ വികസനം സാധ്യമാക്കണമെന്ന ആവശ്യമുയർത്തി കൊച്ചിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വന്ന ക്രെഡായ് കേരള സമ്മേളനം സമാപിച്ചു. കേരളത്തിന് വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ച് വിപണന തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ഐ ടി അനുബന്ധ മേഖലയിൽ റിയൽ എസ്റ്റേറ്റ്വ്യവസായം മുൻപെന്നത്തേക്കാളും ശക്തമാണെന്നും വരും നാളുകളിൽ ഐ ടി അനുബന്ധ മേഖലകളിൽ റിയൽ എസ്റ്റേറ്റ് കുതിച്ചുചാട്ടം തന്നെയുണ്ടാകുമെന്നും സമ്മേളനം വിലയിരുത്തി.

റോഡ് കണക്റ്റിവിറ്റിയടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണം. വികസനവും നിർമിതികളും നഗര കേന്ദ്രീകൃതമാകാതെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും സമ്മേളനം നിർദേശിച്ചു. രണ്ടാം നിര ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റിയെടുക്കാനുള്ള ചർച്ചകളും നയരൂപീകരണവുമാണ് ദ്വിദിന സമ്മേളനത്തിൽ നടന്നത്.

കേരളത്തിൻറെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും കൂടുതൽ വൈദഗ്ധ്യവും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. വൻകിട കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചർച്ച ചെയ്തു. ഇതിനായി നയരൂപീകരണം നടത്തണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗിലും നിർമാണ സാങ്കേതിക വിദ്യകളിലും നിർമിത ബുദ്ധിയുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ഓഫീസ് സ്‌പേസുകളിൽ ഭാവിയിൽ വരാൻ സാധ്യതയുള്ള അഭിരുചികൾ കൂടി മനസിലാക്കി രൂപകൽപ്പനയിലടക്കം വരുത്തേണ്ട മാറ്റങ്ങളും സമ്മേളനം ചർച്ച ചെയ്തു. ഓഫീസ് വർക്ക് സ്‌പേസുകളുടെ ഭാവി എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ മുംബൈ ബിസിനസ് മാനേജിംഗ് ഡയറക്ടർ ഗൗതം സറഫ് മോഡറേറ്ററായിരുന്നു. ജെൻസ്‌ലർ സ്റ്റുഡിയോ ഡയറക്ടർ നസ്സീറ റസാഖ്, വർക്ക് ശാല സഹസ്‌ഥാപകൻ മനോജ് ഖണ്ഡേവാൾ, ബേക്കർ ആൻഡ് ഗ്രേ സഹ സ്‌ഥാപകൻ ഷഹീം ബേക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എട്ടു സെഷനുകളിലായി മുപ്പതോളം വിദഗ്ദ്ധർ വിവിധ മേഖലകളെ കുറിച്ച് സംസാരിച്ചു.

സമാപന ചടങ്ങിൽ കോൺഫറൻസ് ചെയർമാൻ ഡോ. നജീബ് സക്കറിയ സമ്മേളന തീരുമാനങ്ങളും ചർച്ചകളും ക്രോഡീകരിച്ച് സംസാരിച്ചു. ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ്, സെക്രട്ടറി ജനറൽ ചെറിയാൻ ജോൺ എന്നിവർ പങ്കെടുത്തു.

ക്രെഡായ് കേരള സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാവിയിലെ ഓഫീസ് സ്‌പേസുകളെ കുറിച്ച് നടന്ന പാനൽ ചർച്ചയിൽ മോഡറേറ്റർ ഗൗതം സറഫ്, നസീറ റസാഖ്, മനോജ് ഖണ്ഡേവാൾ, ഷഹീം ബേക്കർ എന്നിവർ.


Tags:    

Similar News