ധാരാവി പുനര്‍വികസന പദ്ധതി; ഫ്‌ളാറ്റുകള്‍ 350 ചതുരശ്ര അടിയുടേത്

  • മികച്ച പാര്‍പ്പിടവും ചുറ്റുപാടുകളും പദ്ധതിയുടെ പ്രത്യേകത
  • അദാനിഗ്രൂപ്പും സംസ്ഥാന സര്ർക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭം

Update: 2024-01-16 09:31 GMT

ധാരാവി ചേരികളിലെ യോഗ്യരായ താമസക്കാര്‍ക്ക് 350 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റുകള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധത അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് ധാരാവി ചേരികളുടെ പുനര്‍വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഗ്രൂപ്പ്.

നിര്‍ദ്ദിഷ്ട ഫ്‌ളാറ്റുകളുടെ വലുപ്പം പദ്ധതികളില്‍ സാധാരണയായി വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ '17 ശതമാനം കൂടുതലായിരിക്കുമെന്ന് ഗ്രൂപ്പ് പറയുന്നു. 269 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അനൗപചാരിക സെറ്റില്‍മെന്റ് നിവാസികള്‍ക്കുള്ള മുന്‍ ഭവന വ്യവസ്ഥയില്‍ നിന്ന് ശ്രദ്ധേയമായ പുരോഗതി ഇവിടെ നടപ്പില്‍ വരുത്തുന്നു.

അടുക്കള, ടോയ്ലറ്റ് തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ വരാനിരിക്കുന്ന ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടും.

മെച്ചപ്പെട്ട പാര്‍പ്പിടത്തിനു പുറമേ, പുനര്‍വികസിപ്പിച്ച പ്രദേശത്ത് കമ്മ്യൂണിറ്റി ഹാളുകള്‍, വിനോദ ഇടങ്ങള്‍, പൊതു ഉദ്യാനങ്ങള്‍, ഡിസ്‌പെന്‍സറികള്‍, കുട്ടികള്‍ക്കുള്ള ഡേകെയര്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. താമസക്കാര്‍ക്കുള്ള യോഗ്യതാ മാനദണ്ഡം 2000 ജനുവരി ഒന്നിന് നിശ്ചയിച്ചിരുന്നു.

സംസ്ഥാന ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, അയോഗ്യര്‍ എന്ന് കരുതപ്പെടുന്ന താമസക്കാര്‍ക്ക് താങ്ങാനാവുന്ന വാടക ഭവന നയത്തിന് കീഴില്‍ താമസസൗകര്യം നല്‍കും.

അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെ സ്ഥാപിതമായ ഒരു പ്രത്യേക പര്‍പ്പസ് വെഹിക്കിള്‍ എന്ന നിലയിലാണ് ധാരാവി പുനര്‍വികസന പദ്ധതി പ്രവര്‍ത്തിക്കുന്നത്. 2022 നവംബറിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരി ക്ലസ്റ്ററുകള്‍ നവീകരിക്കുന്നതിനുള്ള കരാര്‍ കമ്പനി കരസ്ഥമാക്കിയത്.

പദ്ധതിയില്‍ അദാനി ഗ്രൂപ്പിന് പരമാവധി ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ ടിഡിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇതിനെ കമ്പനി അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ചു. ചില നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ നിര്‍ദ്ദേശപ്രകാരമുള്ള തെറ്റായ തന്ത്രമാണിതെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News