ഇന്ത്യ-ന്യൂസിലന്‍ഡ് സെമി: റെക്കോര്‍ഡിട്ട് ഡിസ്‌നി പ്ലസും, മത്സരം വീക്ഷിച്ചത് 5.3 കോടി പേര്‍

ഡിസ്‌നി പ്ലസ് ആഗോള തലത്തില്‍ തന്നെ പുതിയ റെക്കോര്‍ഡാണ് സ്ഥാപിച്ചത്

Update: 2023-11-16 05:37 GMT

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ നിരവധി റെക്കോര്‍ഡുകളാണ് പിറന്നത്.

1) ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഉയര്‍ന്ന സ്‌കോര്‍ പിറന്നു. ന്യൂസിലന്‍ഡിനെതിരെ 50 ഓവറില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 327 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തു.

2) ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് കോഹ്‌ലി നേടി. ഇതുവരെ 711 റണ്‍സ് കോഹ്‌ലി നേടിയിട്ടുണ്ട്. 2003 ലോകകപ്പ് ടൂര്‍ണമെന്റില്‍ 673 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി ഇന്നലെ മറികടന്നത്.

3) ഏകദിനത്തില്‍ 50-ാം സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനെന്ന ബഹുമതിയും കോഹ്‌ലി സ്വന്തമാക്കി.

ഇതോടൊപ്പം ഇന്നലെ മറ്റൊരു റെക്കോര്‍ഡ് തീര്‍ത്തത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്.

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് വീക്ഷിച്ചത് 5.3 കോടി കണ്‍കറന്റ് വ്യൂവേഴ്‌സാണ്. ഒരു തത്സമയ സ്ട്രീമിംഗ് സമയത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ വരുന്ന സാഹചര്യമാണു കണ്‍കറന്റ് വ്യൂ എന്നു പറയുന്നത്.

ഇക്കാര്യത്തില്‍ ഡിസ്‌നി പ്ലസ് ഇന്നലെ ആഗോള തലത്തില്‍ തന്നെ പുതിയ റെക്കോര്‍ഡാണ് സ്ഥാപിച്ചത്.

നവംബര്‍ അഞ്ചിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ 4.4 കോടി കണ്‍കറന്റ് വ്യൂവേഴ്‌സിനെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് ലഭിച്ചിരുന്നു.

ഇന്നലെ നടന്ന ന്യൂസിലന്‍ഡ്-ഇന്ത്യ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് സൗജന്യമായി കാണാന്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗകര്യമൊരുക്കിയിരുന്നു.

ഈ വര്‍ഷം ഐപിഎല്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ കാണാന്‍ റിലയന്‍സിന്റെ സ്ട്രീമിംഗ് വിഭാഗമായ ജിയോ സിനിമയില്‍ സൗജന്യമായി സൗകര്യമൊരുക്കിയിരുന്നു.

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗില്‍ ഇന്നലെ കൈവരിച്ച നേട്ടം ഡിസ്‌നിക്ക് വലിയൊരു ആശ്വാസമായിട്ടാണു കാണുന്നത്. ഒടിടി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ബിസിനസ് വില്‍ക്കാനൊരുങ്ങുകയാണു ഡിസ്‌നി എന്ന വാര്‍ത്തയ്ക്കിടെയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇന്നലെ ലൈവ് സ്ട്രീമിംഗ് റെക്കോര്‍ഡിട്ടത്.

Tags:    

Similar News