ജിഡിപി വളർച്ച ആശ്വാസം പകരും; എന്നാൽ ...
- മഴയുടെ കുറവ് കാര്‍ഷികോല്‍പ്പാദനത്തെ ബാധിച്ചു
- ഇറക്കുമതി നിയന്ത്രണം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു
- മൂലധനച്ചെലവുകൾ കൂട്ടിയത് വളർച്ചയ്ക്ക് ആക്കം കൂട്ടി
ഈ ദിവസങ്ങളിൽ വിപണിയുടെ പ്രധാന കാത്തിരിപ്പ് ജിഡിപി കണക്കിനു വേണ്ടിയാണ്. 2023-24 ധനകാര്യ വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യ എത്ര വളർന്നു എന്ന് വ്യാഴാഴ്ച അറിയാം.
ഈ ധനകാര്യവർഷം 6.5 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എട്ടു ശതമാനമാണ് ഒന്നാം പാദത്തിൽ കണക്കാക്കുന്ന വളർച്ച. വിവിധ റേറ്റിംഗ് ഏജൻസികളും ബ്രോക്കറേജുകളും അതിനടുത്തു വരുന്ന നിഗമനമാണു നടത്തിയിട്ടുള്ളത്.
വിലയിരുത്തലുകൾ
ജാപ്പനീസ് ബ്രോക്കറേജ് നൊമുറ ഏഴു ശതമാനം പ്രതീക്ഷിക്കുന്നു. എന്നാൽ അവരുടെ മറ്റൊരു വിശകലനത്തിൽ എട്ടു ശതമാനം വളർച്ച പറയുന്നുണ്ട്. റേറ്റിംഗ് ഏജൻസി ഇക്ര 8.5 ശതമാനം കണക്കാക്കുന്നു. മറ്റ് ഏജൻസികളുടെ വിലയിരുത്തൽ ഇങ്ങനെ:
ഇക്കണോമിക് ടൈംസ് വിവിധ ധനശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ സർവേയിലെ മധ്യ നിഗമനം 7.8 ശതമാനം വളർച്ചയാണ്. റോയിട്ടേഴ്സിന്റെ സർവേയിലെ നിഗമനം 7.7 ശതമാനം. 5.6 മുതൽ 9.1 വരെ ശതമാനമാണ് വിവിധ ധനശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
മൂലധനച്ചെലവ് നേട്ടമായി
ഈ വർഷം ഒന്നാം പാദത്തിൽ കേന്ദ്ര സർക്കാരിന്റെ മൂലധനച്ചെലവുകൾ കൂട്ടിയത് വളർച്ചയ്ക്ക് ആക്കം കൂട്ടി എന്നാണു വിലയിരുത്തൽ. 59 ശതമാനമാണു വർധന. സംസ്ഥാനങ്ങളും ആദ്യപാദത്തിൽ മൂലധനനിക്ഷേപം കൂട്ടി. 76 ശതമാനം വർധന. മൊത്തം മൂലധനച്ചെലവ് ഏപ്രിൽ -ജൂണിൽ 1.75 ലക്ഷം കോടി രൂപയിൽ നിന്ന് 2.79 ലക്ഷം കോടി രൂപയായി.
സേവന മേഖലയിലെ വളർച്ചയും വർധിച്ചു എന്നാണു നിഗമനം. രാജ്യത്തു വളർച്ചയുടെ ചാലകശക്തി ജിഡിപിയുടെ 60 ശതമാനം നൽകുന്ന സേവനമേഖലയാണ്.
2022 ഏപ്രിൽ - ജൂണിൽ 13.1 ശതമാനമായിരുന്നു ജിഡിപി വളർച്ച. ഇക്കഴിഞ്ഞ ജനുവരി - മാർച്ചിൽ 6.1 ശതമാനം വളർച്ച ഉണ്ടായി. 2020 - ലും 21-ലും ഒന്നാം പാദത്തിൽ കോവിഡ് മൂലം ഉൽപാദനവും മറ്റു സാമ്പത്തികപ്രവർത്തനങ്ങളും തടസപ്പെട്ടിരുന്നു. അതിനാലാണ് 2022-ൽ ഒന്നാം പാദ വളർച്ച ഇരട്ടയക്കത്തിലായത്.
മുന്നോട്ട് എങ്ങനെ?
ഒന്നാം പാദ വളർച്ച ഇങ്ങനെ തൃപ്തികരമാണെങ്കിലും വരുന്ന പാദങ്ങളിൽ കാര്യങ്ങൾ പ്രതീക്ഷ പോലെ നടക്കില്ലെന്നാണ് റോയിട്ടേഴ്സ് സർവേയിൽ പങ്കെടുത്തവരുടെ വിശകലനം. രണ്ടാം പാദത്തിൽ 6.2%, മൂന്നിൽ 6%, നാലിൽ 5.5% എന്നിങ്ങനെയാകും വളർച്ച. റിസർവ് ബാങ്കിന്റെ നിഗമനത്തേക്കാൾ കുറവാണിത്. രണ്ടാം പാദത്തിൽ 6.5%, മൂന്നിൽ 6%, നാലിൽ 5.7% എന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷ. വാർഷിക ജിഡിപി വളർച്ച റിസർവ് ബാങ്ക് കാണുന്ന 6.5 ൽ നിന്ന് 6.2 ശതമാനമായി കുറയും എന്നാണ് ഇതിനർഥം. ഇക്കണോമിക് ടൈംസ് സർവേയും 6.2 ശതമാനത്തിലാണ് എത്തിയത്.
സമ്പത്തികരംഗത്തു കാര്യങ്ങൾ പന്തിയല്ല എന്നു ചുരുക്കം.
മഴ ചതിച്ചു
കാലവർഷപ്പിഴവ് രാജ്യത്തെ കാർഷികോൽപ്പാദനത്തിൽ വലിയ കുറവു വരുത്തും. ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ 30 ശതമാനത്തിലധികമാണു മഴക്കുറവ്. ഇതു നെല്ല് ഉൽപ്പാദനത്തിൽ 10 ശതമാനത്തിലധികം കുറവ് വരുത്താം.
കരിമ്പ് കൃഷി ചെയ്ത സ്ഥലം കുറഞ്ഞിട്ടില്ലെങ്കിലും അതിൽ നിന്നുള്ള പഞ്ചസാരലഭ്യത ഗണ്യമായി കുറയും. സവാള, ചുവന്നുള്ളി, പരിപ്പ്, ഉഴുന്ന്, ചെറുപയർ തുടങ്ങിയവയുടെ ഉൽപാദനത്തിലും വലിയ കുറവ് ഉണ്ടാകും. വിദർഭയിലെ പരുത്തി കൃഷിയും ക്ഷീണത്തിലാണ്.
ആസാം, ബംഗാൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ മഴക്കുറവ് തേയില, കാപ്പി വിളകളുടെ ഉൽപാദനവും കുറയ്ക്കുന്നു. ഏലവും കുരുമുളകും അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളും കുറവാകും. ഇതു ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാക്കും.
ഇന്ധനവില കുറയ്ക്കാതെ നിർത്തിയിരിക്കുന്നതിനാൽ പൊതുവിലക്കയറ്റത്തിനു ശമനമുണ്ടാകുമെന്ന പ്രതീക്ഷയുമില്ല. ഇന്ത്യയിലെ ഉൽപാദനം പ്രോത്സാഹിപ്പിക്കാനായി ലാപ് ടോപ്പുകൾ അടക്കമുള്ളവയുടെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവന്നത് ഇലക്ട്രോണിക് സാധനങ്ങൾക്കെല്ലാം വില കൂട്ടുന്നതിലേക്കാണ് എത്തിയത്. കയറ്റുമതി വിലക്കിയിട്ടും ധാന്യ വിലകൾ കുറഞ്ഞതുമില്ല.
വീണ്ടും പലിശ കൂടിയാൽ ...
അമേരിക്കയിൽ പലിശ ഇനിയും കൂടാൻ സാധ്യത ഉണ്ട്. ഇപ്പോൾ 5.25 - 5.50 ശതമാനമാണ് യുഎസ് ഫെഡിന്റെ കുറഞ്ഞ നിരക്ക്. കഴിഞ്ഞ ദിവസം ജാക്സൺ ഹോളിൽ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞത് ആവശ്യമെങ്കിൽ വിലകൾ നിയന്ത്രണത്തിലാകും വരെ പലിശ കൂട്ടും എന്നാണ്. യുഎസ് പലിശ കൂട്ടിയാൽ മറ്റു രാജ്യങ്ങൾ ആ വഴി നീങ്ങാൻ നിർബന്ധിതരാകാം.
യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയർന്നു നിൽക്കുമ്പോൾ മറ്റു രാജ്യങ്ങളിലെ റിസ്കുള്ള നിക്ഷേപങ്ങൾ പിൻവലിക്കാൻ യുഎസ് ഫണ്ടുകൾ ശ്രമിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇപ്പോൾ തന്നെ വിദേശ ഫണ്ടുകൾ പണം പിൻവലിക്കുന്നുണ്ട്. അതു വർധിച്ചാൽ രൂപ ഇടിയും. രൂപയെ പിടിച്ചു നിർത്താൻ വിദേശികളെ നിലനിർത്തണമെങ്കിൽ ഇവിടെയും പലിശ കൂട്ടേണ്ടി വരാം.
ജിഡിപി കണക്കുകൾ നൽകുന്ന ആശ്വാസം താൽക്കാലികമാകാം എന്നാണു കണക്കാക്കാൻ പറ്റുന്നത്.
