പുതുക്കിയ ആസിയാന്‍-ചൈന വ്യാപാര കരാര്‍ ഉടന്‍
ഒക്ടോബറിലേക്ക് കരാര്‍ തയ്യാറാകുമെന്ന് ചൈന
ചൈനയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാനും നവീകരിച്ച സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഒക്ടോബറിലേക്ക് കരാര്‍ തയ്യാറാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.
2022 നവംബറില്‍ ആരംഭിച്ച ചര്‍ച്ചകള്‍ മെയ് മാസത്തിലാണ് പൂര്‍ത്തിയായത്. സ്വതന്ത്ര വ്യാപാര മേഖലയുടെ 3.0 പതിപ്പിനെക്കുറിച്ചുള്ളതാണ് ചര്‍ച്ചകള്‍.
അഞ്ച് വര്‍ഷത്തെ കര്‍മ്മ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇരു കക്ഷികളും 40-ലധികം മേഖലകളില്‍ സഹകരിക്കും. അടുത്ത വര്‍ഷം ദക്ഷിണ ചൈനാ കടലില്‍ ഒരു പെരുമാറ്റച്ചട്ടം അന്തിമമാക്കാനും അവര്‍ ലക്ഷ്യമിടുന്നു. ബെയ്ജിംഗും നിരവധി ആസിയാന്‍ അംഗങ്ങളും സമുദ്ര അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മേഖലയിലെ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.
ഏഷ്യയില്‍ വ്യാപാര മേധാവിത്വം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ചൈനയുടെ ഈ നീക്കം. യുഎസുമായി താരിഫ് യുദ്ധത്തില്‍ കൊമ്പുകോര്‍ത്താലും പകരം വിപണികളുടെ ആഴവും പരപ്പും അവര്‍ വര്‍ധിപ്പിക്കുകയാണ്.