ചൈന പ്ലസ് വണ്‍ അവസരം ഇന്ത്യ ഉപയോഗിക്കണമെന്ന് ലോകബാങ്ക്

  • ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ലോജിസ്റ്റിക്സ്, നൈപുണ്യ മേഖലകളില്‍
  • ചൈന പ്ലസ് വണ്‍ നയം മുതലാക്കാന്‍ തൊഴില്‍ മേഖലയില്‍ ശ്രദ്ധവേണം
  • ഇതിനായി സ്വകാര്യ മേഖലയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കണം

Update: 2025-05-12 10:45 GMT

ചൈന പ്ലസ് വണ്‍ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്നത് 5 വര്‍ഷമെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ. ലോജിസ്റ്റിക്സ്, നൈപുണ്യ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം.

ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള ആഗോള ബിസിനസ് തന്ത്രമാണ് ചൈന പ്ലസ് വണ്‍ .ലോക ജനസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ചൈന പ്ലസ് വണ്‍ നയം മുതലാക്കാന്‍ തൊഴില്‍ മേഖലയില്‍ ശ്രദ്ധ നല്‍കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയവയില്‍ ശ്രദ്ധിക്കണം. ഇതിനായി സ്വകാര്യ മേഖലയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കുള്ള ഒരു പ്രധാന നേട്ടം നിര്‍മ്മാണത്തിലെ ചിലവ് കുറവാണ്. മത്സരാധിഷ്ഠിത വേതനവും വിദഗ്ധ തൊഴിലാളികളും ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് ചൈനയ്ക്ക് പകരം ആകര്‍ഷകമായ ബദല്‍ നല്‍കാന്‍ ഇന്ത്യക്ക് കഴിയും.

ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കും. പ്രാദേശിക ഉല്‍പ്പാദനത്തിനും സാങ്കേതിക പ്രാദേശികവല്‍ക്കരണത്തിനും പ്രാധാന്യം ലഭിക്കും. ഇന്ത്യയുടെ സ്വന്തം ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നയങ്ങള്‍ വളര്‍ത്തിയെടുത്താല്‍ വിദേശ കുത്തകകളെപോലെ ഇന്ത്യക്കും അത് പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കമ്പനികള്‍ ചൈനയില്‍ മാത്രം നിക്ഷേപം നടത്തുന്നത് ഒഴിവാക്കുകയും തങ്ങളുടെ ബിസിനസുകള്‍ മറ്റ് രാജ്യങ്ങളിലും തുടങ്ങുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന തന്ത്രത്തെയാണ് ചൈന പ്ലസ് വണ്‍ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ചൈനയില്‍ ഒരു ഫാക്ടറി തുടങ്ങുകയാണെങ്കില്‍ മറ്റൊരു രാജ്യത്തും ഫാക്റ്ററി തുടങ്ങണമെന്നാണ് ഈ നയത്തിന്റെ ചുരുക്കം. അമിതമായ ചൈന ആശ്രയം കുറക്കുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്. 

Tags:    

Similar News