പ്രത്യക്ഷ നികുതി സമാഹരണത്തില്‍ ഇടിവ്
ആദ്യ പാദത്തില്‍ ടാക്സ് റീ ഫണ്ടുകളിലുണ്ടായ വലിയ വര്‍ധനയാണ് നികുതി സമാഹരണത്തില്‍ കുറവുണ്ടാക്കിയത്
രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി സമാഹരണം ഇടിഞ്ഞു. സര്‍ക്കാര്‍ നികുതി സേവനങ്ങള്‍ വേഗത്തിലാക്കിയതോടെ 1.3 ശതമാനത്തിന്റെ കുറവുണ്ടായി.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടാക്സ് റീ ഫണ്ടുകളിലുണ്ടായ വലിയ വര്‍ധനയാണ് പത്യക്ഷ നികുതി സമാഹരണത്തില്‍ കുറവുണ്ടാക്കിയത്. ഒരു ലക്ഷം കോടി രൂപയുടെ റീഫണ്ടിങാണ് ഇത്തവണ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ റീ ഫണ്ടിങ് 74,000 കോടി രൂപ മാത്രമായിരുന്നു.
റീഫണ്ടിങ് തുകയില്‍ 38% വര്‍ദ്ധനയുണ്ടായി. സര്‍ക്കാര്‍ റീഫണ്ടുകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നുണ്ടെന്നാണ് ഈ ഡാറ്റ വ്യക്തമാക്കുന്നത്. നികുതിദായകരുടെ വിശ്വാസ്യത മെച്ചപ്പെടുത്താനും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാനുമുള്ള സര്‍ക്കര്‍ നീക്കത്തിന്റെ പ്രതിഫലനമാണിതെന്ന് ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍ഡ് കമ്പനിയിലെ ഗൗരി പുരി പറഞ്ഞു.
നികുതി കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇത് താല്‍ക്കാലികമായി അറ്റ നികുതി വരുമാനം കുറച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അവര്‍ വ്യക്തമാക്കി.
കൂടാതെ ഏപ്രില്‍ 1നും ജൂലൈ 11നുമിടയിലെ കാലയളവില്‍ കോര്‍പറേറ്റ് നികുതി വരുമാനത്തില്‍ കുറവുണ്ടായതും മൊത്തത്തിലുള്ള ഇടിവിന് കാരണമായി. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കോര്‍പറേറ്റ് നികുതി സമാഹരണത്തില്‍ 4 ശതമാനത്തിന്റെ കുറവുണ്ടായി.
