നോട്ട് പിന്‍വലിക്കല്‍: ചിദംബരത്തിനെതിരെ നിര്‍മ്മല സീതാരാമന്‍

  • പ്രസ്താവന മുന്‍ ധനമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് ധനമന്ത്രി
  • നോട്ട് പിന്‍വലിച്ച വിഷയത്തില്‍ ആര്‍ബിഐ അതിന്റെ ലക്ഷ്യം നേടി
  • രാജ്യത്തിന്റെ വളര്‍ച്ച താഴോട്ടെന്ന് ചിദംബരം

Update: 2023-05-29 13:07 GMT

രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു മുന്‍ ധനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

രണ്ടായിരം രൂപ നോട്ടിന്റെ അവതരണവും തുടര്‍ന്നുള്ള പിന്‍വലിക്കലും ഇന്ത്യന്‍ കറന്‍സിയുടെ സമഗ്രതയിലും സ്ഥിരതയിലും സംശയം ജനിപ്പിക്കുന്നതായി നേരത്തെ ചിദംബരം അഭിപ്രായപ്രകടനം നടത്തിയിരുന്നു.

പ്രധാന സാമ്പത്തിക സൂചകങ്ങള്‍ താഴേക്ക് ആണെന്നും സമ്പദ്വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ചാ പാതയിലെത്തുമെന്ന ആത്മവിശ്വാസം കുറവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.രണ്ടായിരം രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് അടുത്തിടെ പ്രഖ്യാപിക്കുകയും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ സെപ്തംബര്‍ 30നകം മാറ്റി വാങ്ങുകയോ ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കറന്‍സി, സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനങ്ങള്‍ എന്നിവയുടെ കാര്യങ്ങളില്‍ സന്തം രീതിയില്‍ പ്രവചനങ്ങള്‍ നടത്തുന്നത് മുന്‍ ധനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് ചേര്‍ന്നതല്ലെന്ന് ചിദംബരത്തിന്റെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സീതാരാമന്‍ പറഞ്ഞു.

പത്ത് വര്‍ഷം നീണ്ടുനിന്ന യുപിഎ സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ ഭീരിഭാഗവും അദ്ദേഹം ധനമന്ത്രിയായിരുന്നു.അന്ന് തങ്ങള്‍ പാര്‍ലമെന്റില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അവയ്ക്ക് കാര്യമായ ഉത്തരമൊന്നും ലഭിച്ചിരുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാവരും സാഹചര്യം മനസിലാക്കുകയും അദ്ദേഹം വഹിച്ച ഓഫീസുമായി പൊരുത്തപ്പെടുന്ന നിരീക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച വിഷയത്തില്‍ റിസര്‍വ് ബാങ്ക് അതിന്റെ ലക്ഷ്യം നേടി-നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം മുംബൈയില്‍ നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ ചിദംബരം അടിമുടി വിമര്‍ശിച്ചിരുന്നു. മണിപ്പൂരിലെ സംഘര്‍ഷങ്ങളും അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു. സംഘര്‍ഷങ്ങളില്‍ 75 ലധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യം ആശങ്കാജനകമാണെന്നും പ്രധാനമന്ത്രിയുടെ ഈ വിഷയത്തിലെ മൗനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റുകള്‍ തിരുത്തി എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഭരിക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും മോശമെന്നും ചിദംബരം കുറ്റപ്പെടുത്തി.

2022-23 ലെ ആദ്യ മൂന്ന് പാദങ്ങളില്‍ 13.2, 6.3, 4.4 ശതമാനം വീതമുള്ള വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ഇത് ഇടിവിനെ സൂചിപ്പിക്കുന്ന പ്രവണതയാണ്.

2004 നും 2009 നും ഇടയിലുള്ള നിരക്കിനേക്കാള്‍ വളരെ അകലെയാണ് ഇപ്പോഴത്തെ സ്ഥിതി, അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍, പരാജയപ്പെടുന്ന ക്ഷേമപദ്ധതികള്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരെ കുറഞ്ഞ വേഗതയിലാണ് വളരുതെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News