ഗ്രാമീണ ഉയർച്ച മന്ദഗതിയിൽ, സേവനമേഖല മുന്നേറും; മൂന്നാംപാദ ജിഡിപി പ്രവചനങ്ങൾ ഏറെ

  • ജിഡിപി കണക്കുകൾ ഫെബ്രുവരി 29 വ്യാഴാഴ്ച പുറത്തുവിടും
  • രണ്ടാം പാദത്തിൽ 7.6% വളർച്ച

Update: 2024-02-28 11:44 GMT

2023-24 സാമ്പത്തിക വർഷത്തെ (Q3FY24) ഒക്‌ടോബർ-ഡിസംബർ പാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) കണക്കുകൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഫെബ്രുവരി 29 വ്യാഴാഴ്ച പുറത്തുവിടും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർച്ച മുൻ പാദത്തിലെ 7.6% നെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ 6-7 ശതമാനത്തിനിടയിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് വിവിധ അനലിസ്റ്റുകൾ പ്രവചിക്കുന്നത്. എസ്ബിഐ റിസർച്ച് റിപ്പോർട്ട് 'ഇക്കോറാപ്' 6.8% വളർച്ച കാണുമ്പോൾ റേറ്റിംഗ് ഏജൻസിയായ ഇക്ര 6 ശതമാനമായി വളർച്ച കുറയും എന്ന് സൂചിപ്പിക്കുന്നു.

വാർഷികാടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ മുൻ വർഷത്തെ താഴ്ന്ന ജിഡിപി സംഖ്യകളാണ് (ലോ ബേസ് എഫക്ട്) നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയേ തുണച്ചത്. ഉൽപ്പാദനം, ഖനനം, നിർമാണം തുടങ്ങിയ മേഖലകളിലെ സർക്കാർ ചെലവുകളും മികച്ച പ്രകടനവുമാണ് രണ്ടാംപാദത്തിൽ ജിഡിപി വളർച്ചയെ പിന്തുണച്ചത്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം വളർന്നു, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി നില നിന്നു.എന്നാൽ മൂന്നാം പാദത്തിൽ ഖാരിഫ് വിളകളുടെ കുറഞ്ഞ ഉൽപ്പാദനവും വ്യാവസായിക മേഖലയിലെ മാന്ദ്യവും കാരണം ഇന്ത്യയുടെ ജിഡിപി വളർച്ച ആറ് ശതമാനമായി കുറയുമെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ റിസർച്ച് ആൻഡ് ഔട്ട്‌റീച്ച് ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ പറയുന്നു.

ഡിസംബർ പാദത്തിൽ കാർഷിക ജിവിഎ (Gross Value Added - GVA) രണ്ടാംപാദത്തിനു സമാനമായ 1.2% വളർച്ച കൈവരിക്കുമെന്ന് സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (CMIE) പ്രതീക്ഷിക്കുന്നു; വ്യവസായം മുൻ പാദത്തിലെ 13.2% ൽ നിന്ന് 8.6% ആയി കുറഞ്ഞ വളർച്ചയാവും റിപ്പോർട്ട് ചെയ്യുക. അതേസമയം, സേവന മേഖല ഡിസംബർ പാദത്തിൽ 7.3 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്, ഇത് രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ 5.8 ശതമാനത്തേക്കാൾ കൂടുതലാണ്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സാമ്പത്തിക വിദഗ്ധ ഗൗര സെൻ ഗുപ്തയുടെ അഭിപ്രായത്തിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ഇടിവ് രേഖപ്പെടുത്തിയ സ്വകാര്യമേഖലയിലെ ഉപഭോഗ വളർച്ച മൂന്നാം പാദത്തിൽ സമ്മിശ്രമായി കാണപ്പെട്ടു. നഗരപ്രദേശങ്ങളിൽ എഫ്എംസിജി വിൽപ്പനയുടെ വോളിയം വളർച്ച മന്ദഗതിയിലാണെങ്കിലും വാഹന വിൽപ്പന വർധിച്ചു. ട്രാക്ടർ വിൽപ്പനയിലെ ഇടിവും വളം വിൽപ്പനയിലെ താഴ്ന്ന വളർച്ചയും ഗ്രാമീണ സൂചകങ്ങളെ മന്ദഗതിയിലാക്കി.

ഗവൺമെൻ്റിൻ്റെ ആദ്യ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ പുതുക്കിയ എസ്റ്റിമേറ്റായ 7 ശതമാനത്തേക്കാൾ വേഗത്തിൽ, 7.3 ശതമാനമായി, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം വളർച്ച നേടുമെന്ന് ലോകബാങ്ക് പ്രതീക്ഷിക്കുന്നു, അതേസമയം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ അതിൻ്റെ എസ്റ്റിമേറ്റ് 6.3 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി പുതുക്കി. ജനുവരി 2024 ൽ ഐഎംഎഫ് പ്രസിദ്ധികരിച്ച വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ ആഗോള വളർച്ചാ പ്രവചനം 2024 ൽ 3.1 ശതമാനമായും 2025 ൽ 3.2 ശതമാനമായും ഉയർത്തി.

Tags:    

Similar News