ജിഎസ്ടി പരിഷ്‌കാരമെത്തുക നവരാത്രിയില്‍; ഉത്സവ സീസണില്‍ വിലകുറയും

ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 3-4 തീയതികളില്‍

Update: 2025-08-26 06:33 GMT

ജനങ്ങള്‍ കാത്തിരിക്കുന്ന ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നവരാത്രിയാഘോഷവേളയില്‍ നടപ്പാക്കുമെന്ന് സൂചന. ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ദീപാവലിക്ക് മുന്നോടിയിത്തന്നെ വിലകള്‍ കുറയുമെന്ന പ്രതീക്ഷയിലാണ് ഏവരും.

മുന്‍ സമയപരിധിയില്‍ തന്നെ തുടരുന്നതിനുപകരം, വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനായി സെപ്റ്റംബര്‍ 3-4 തീയതികളില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരും. നവരാത്രി സീസണിന് തൊട്ടുമുമ്പ് സെപ്റ്റംബര്‍ 22-നകം പുതിയ ഘടന പ്രാബല്യത്തില്‍ വരുന്നതിന് വഴിയൊരുക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

2017 ല്‍ നികുതി നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റമായിട്ടാണ് 'ജിഎസ്ടി 2.0' എന്ന് പേരിട്ടിരിക്കുന്ന പരിഷ്‌കാരത്തെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്.

നിലവിലുള്ള നാല് സ്ലാബുകള്‍ ലളിതമാക്കി രണ്ടായി ചുരുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അവശ്യവസ്തുക്കള്‍ക്ക് 5 ശതമാനവും മിക്ക സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18 ശതമാനവും ആയിരിക്കും നികുതി. അതേസമയം ആഡംബര വസ്തുക്കള്‍, പുകയില, മദ്യം തുടങ്ങിയവയക്ക് 40 ശതമാനം നിരക്ക് നിലനിര്‍ത്തും.

12 ശതമാനം വിഭാഗത്തിലുള്ള മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങളും 5 ശതമാനത്തിലേക്ക് മാറിയേക്കാം. അതേസമയം 28 ശതമാനം സ്ലാബിലുള്ള പലതും 18 ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്. ഈ പുനഃസംഘടന നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുകയും ഉത്സവകാല ഷോപ്പിംഗ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പല ഉപഭോക്താക്കളും ഇതിനകം തന്നെ വാങ്ങലുകള്‍ മാറ്റിവച്ചതിനാല്‍, നടപ്പാക്കലിലെ കാലതാമസം വിപണികളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യവസായ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെയുള്ള ലോഞ്ചിംഗ് ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കുമെന്നും ഉത്സവകാല വില്‍പ്പന ഉയര്‍ത്തുമെന്നും ചില്ലറ വ്യാപാരികള്‍ വിശ്വസിക്കുന്നു.

അടുത്ത വര്‍ഷം ജിഡിപി വളര്‍ച്ചയില്‍ 0.6 ശതമാനം പോയിന്റുകള്‍ കൂടി പരിഷ്‌കാരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു. എന്നാല്‍ സര്‍ക്കാരിന് ഏകദേശം 20 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം നഷ്ടപ്പെട്ടേക്കാം.

മിക്ക സംസ്ഥാനങ്ങളും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ചില സംസ്ഥാനങ്ങള്‍ വരുമാന നഷ്ടത്തിന് നഷ്ടപരിഹാരം തേടുന്നു. പോളിസി ഉടമകളുടെ ചെലവുകള്‍ ലഘൂകരിക്കുന്നതിന് ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. 

Tags:    

Similar News