ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമാക്കും: ധനമന്ത്രി

തുറന്നതും സുതാര്യവുമായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക ലക്ഷ്യം

Update: 2025-09-02 09:50 GMT

അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഒരു തുറന്നതും സുതാര്യവുമായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് ചെറുകിട ബിസിനസുകള്‍ക്ക് പ്രയോജനകരമാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായിരുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള സിറ്റി യൂണിയന്‍ ബാങ്കിന്റെ 120-ാമത് സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി നിയന്ത്രണങ്ങള്‍ ലളിതമാക്കുന്നതിനും, പാലിക്കല്‍ ചെലവുകള്‍ കുറയ്ക്കുന്നതിനും ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ചതായി ധനമന്ത്രി പറഞ്ഞു. ഇത് പുതിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കും.

നാളെയും മറ്റന്നാളും നടക്കുന്ന കൗണ്‍സില്‍ യോഗത്തോടെ അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വരും മാസങ്ങളില്‍ ഒരു സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും തുറന്നതും സുതാര്യവുമാക്കും. ഇത് ചെറുകിട ബിസിനസുകളുടെ അഭിവൃദ്ധി എളുപ്പമാക്കും,' ധനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. പൗരന്മാര്‍ക്ക് ദീപാവലി വളരെ മികച്ച രീതിയില്‍ ആഘോഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യ 2047 ലെ വികസിത ഭാരത് എന്ന ദര്‍ശനത്തിലേക്ക് മുന്നേറുകയാണെങ്കില്‍, ബാങ്കുകള്‍ വായ്പ വികസിപ്പിക്കുക മാത്രമല്ല, അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടുകയും, എംഎസ്എംഇകള്‍ക്ക് സമയബന്ധിതവും ആവശ്യാധിഷ്ഠിതവുമായ ധനസഹായം ഉറപ്പാക്കുകയും ചെയ്യും. ബാങ്കിംഗ് സൗകര്യമില്ലാത്തവരെ ഔപചാരിക ബാങ്കിംഗിലേക്ക് കൊണ്ടുവരികയും, ബാങ്കിംഗ് ചാനലുകളുടെ പിന്തുണ അവര്‍ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകുകയും വേണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

'ഈ പരിവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ വിശ്വാസം, സാങ്കേതികവിദ്യ, സുതാര്യത എന്നിവയായിരിക്കണം.' അവര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ, 56 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. മൊത്തം 2.68 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്, അക്കൗണ്ട് ഉടമകളില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നുവെന്നും കേന്ദ്ര മന്ത്രിപറഞ്ഞു.

ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ ആസ്തി ഗുണനിലവാരത്തില്‍ വന്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് & പി 18 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ദീര്‍ഘകാല സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News