വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതം; വികസിത രാജ്യങ്ങള്‍ ഇന്ത്യക്കായി ക്യൂവില്‍
യുഎസുമായി തീരുവതര്‍ക്കം ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു
യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. യൂറോപ്യന്‍ യൂണിയന്‍, ചിലി, പെറു എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
യുഎസുമായുള്ള ചര്‍ച്ചകളും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍തട്ടി ഇരു രാജ്യങ്ങളും വിഭിന്ന ദിശയിലാണ്. കൂടാതെ പാലും പാലുല്‍പ്പന്നങ്ങളും വാങ്ങണമെന്നും യുഎസ് ആവശ്യപ്പെടുന്നു. ഇത് ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.
ആഗോളതലത്തില്‍ നിരവധി രാജ്യങ്ങളും വികസിത സമ്പദ് വ്യവസ്ഥകളും ഇന്ത്യയുമായി വ്യാപാര കരാര്‍ ചര്‍ച്ചയിലാണെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയം ഈ ചര്‍ച്ചകളില്‍ ദിവസവും ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍ഹിയില്‍ നടന്ന സംരംഭകരുടെയും വ്യാപാരികളുടെയും നേതൃത്വ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
മാര്‍ച്ച് മുതല്‍ ഇന്ത്യയും യുഎസും ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതുവരെ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി.എന്നാല്‍ ട്രംപ് നികുതി 50 ശതമാനമാക്കിയതിനെത്തുടര്‍ന്ന് ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നത് യുഎസ് മാറ്റിവെച്ചിരുന്നു.
